CM Pinarayi | വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി
*ദുബൈ, സിംഗപുര്‍, ഇന്‍ഡോനീഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്.
*വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
*മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും ഞായറാഴ്ച തിരിച്ചെത്തും.
തിരുവനന്തപുരം: (KasargodVartha) വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി. യാത്ര നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. ശനിയാഴ്ച (18.05.2024) പുലര്‍ചെ 3.15-നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. ദുബൈ, സിംഗപുര്‍, ഇന്‍ഡോനീഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വീട്ടിലേക്ക് മടങ്ങി.
ഞാറാഴ്ച (19.05.2024) കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. എന്നാല്‍ ഓഫീസിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും നല്‍കിയ ഈ അറിയിപ്പ് മാറ്റിയാണ് പുലര്‍ചെ തിരിച്ചെത്തിയത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ട്. എന്നാല്‍ ശനിയാഴ്ച വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
സ്വകാര്യ യാത്രയ്ക്കുശേഷം വെള്ളിയാഴ്ച (17.05.2024) രാത്രിയാണ് ദുബൈയില്‍നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും ഞായറാഴ്ച തിരിച്ചെത്തും. ദുബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷമാകും ഇവര്‍ നാട്ടിലേക്ക് മടങ്ങുക.
മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അടിയന്തര തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തതെന്താണെന്നും വി ഡി സതീശന്‍ ചോദിച്ചിരുന്നു.