Humanitarian Initiative | കേരള കേന്ദ്ര സർവകലാശാലയുടെ മനുഷ്യത്വം: ബിന്ദുവിന് സ്വന്തം വീട്
● രണ്ട് കിടപ്പു മുറികളും അടുക്കളയും ഹാളും ശുചിമുറികളും ഉൾപ്പെടെ 660 സ്‌ക്വയർഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
● ശാരീരിക പരിമിതിയുള്ള ബിന്ദുവിന് സ്വന്തമായി വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല.
● പെരിയ നാട്ടാങ്കലിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയാണ് വീട് നിർമ്മിച്ചത്.
പെരിയ: (KasargodVartha) കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും കൈകോർത്തപ്പോൾ ബിന്ദുവിന് സ്വന്തം വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമായി. സർവകലാശാലയിലെ ഔട്ട്സോഴ്സ് ജീവനക്കാരിയായ കെ ബിന്ദുവിന്, വ്യാഴാഴ്ച നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസെന്റ് മാത്യു താക്കോൽ കൈമാറി. സഹായം ആവശ്യമുള്ളവരെ ചേർത്തു പിടിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാര്‍, കണ്‍ട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. ആർ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. രണ്ട് കിടപ്പു മുറികളും അടുക്കളയും ഹാളും ശുചിമുറികളും ഉൾപ്പെടെ 660 സ്‌ക്വയർഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ശാരീരിക പരിമിതിയുള്ള ബിന്ദുവിന് സ്വന്തമായി വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല. പെരിയയിൽ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. അച്ഛൻ മാത്രമാണ് സഹായത്തിനായി ഉള്ളത്. കുടുംബത്തിന്റെ പ്രയാസം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സർവകലാശാല വീട് നിർമ്മാണത്തിനായി രംഗത്തിറങ്ങിയത്. ഡോ. ഇ. പ്രസാദ് (ചെയർമാൻ), ഡോ. രാജീവൻ കെ (പ്രസിഡണ്ട്), ഡോ. പി. ഷൈനി, ശ്രുതി കെ.വി (ട്രഷറർ), ഡോ. സെന്തിൽകുമാരൻ, ശ്രീകാന്ത് വി.കെ, ശ്രീജിത്ത് വി, ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍, ഡോ. അനീഷ് കുമാര്‍ ടി.കെ, ഡോ. എസ്. അന്‍ബഴഗി (അംഗങ്ങൾ) എന്നിവരടങ്ങിയ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. പെരിയ നാട്ടാങ്കലിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയാണ് വീട് നിർമ്മിച്ചത്.
#KeralaCentralUniversity #CommunitySupport #HousingHelp #SocialWelfare #BinduNewHome #UniversityAssistance