Vehicle Registration | കാസർകോട് താമസിക്കുന്നയാൾക്ക് ഇനി തിരുവനന്തപുരത്തോ കോഴിക്കോട്ടെ എവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; കേരളത്തിൽ വാഹന രജിസ്ട്രേഷനിൽ സുപ്രധാന മാറ്റം
● ഈ പുതിയ നിയമം വരുന്നതോടെ കാസർകോട് താമസിക്കുന്ന ഒരാൾക്ക് തിരുവനന്തപുരം സീരീസ് വാഹന നമ്പർ സ്വന്തമാക്കാൻ സാധിക്കും.
● കേന്ദ്ര ഗതാഗത ചട്ട പ്രകാരം വാഹന രജിസ്‌ട്രേഷൻ നടത്തണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്.
● വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള പുതിയ നിയമം വാഹന ഉടമകൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു.
തിരുവനന്തപുരം: (KasargodVartha) കേരളത്തിലെ വാഹന ഉടമകൾക്ക് സുപ്രധാന വാർത്തയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. ഇനിമുതൽ കേരളത്തിൽ മേൽവിലാസമുള്ള ഏതൊരാൾക്കും സംസ്ഥാനത്തെ ഏത് ആർ ടി ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം എന്നാണ് പുതിയ നിയമം. ഇതുവരെ വാഹന ഉടമയുടെ സ്ഥിരമായ മേൽവിലാസം എവിടെയാണോ അവിടുത്തെ ആർ ടി ഓഫീസിൽ മാത്രമേ വാഹനം രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
ഈ പുതിയ നിയമം വരുന്നതോടെ കാസർകോട് താമസിക്കുന്ന ഒരാൾക്ക് തിരുവനന്തപുരം സീരീസ് വാഹന നമ്പർ സ്വന്തമാക്കാൻ സാധിക്കും. പൂർണമായും ഓൺലൈൻ സംവിധാനമായതോടെ ആർക്കും എവിടെ വേണമെങ്കിലും രജിസ്റ്റ്രേഷൻ നടത്താമെന്ന സാഹചര്യവുമുണ്ട്. ആറ്റിങ്ങലിൽ വാഹന രജിസ്‌ട്രേഷൻ നിഷേധിക്കപ്പെട്ട ഒരു വാഹന ഉടമ ഹൈകോടതിയെ സമീപിച്ചതോടെയാണ് ഈ പുതിയ മാറ്റത്തിനുള്ള ഉത്തരവുണ്ടായത്. കേന്ദ്ര ഗതാഗത ചട്ട പ്രകാരം വാഹന രജിസ്‌ട്രേഷൻ നടത്തണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്.
വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള പുതിയ നിയമം വാഹന ഉടമകൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു. ഇനിമുതൽ, തങ്ങൾക്ക് ഇഷ്ടമുള്ള ഏത് ആർ ടി ഓഫീസിൽ നിന്നും വാഹനം രജിസ്റ്റർ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉടമകൾക്കുണ്ട്. ഇത് ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് മാറി താമസിക്കേണ്ടിവരുന്നവർക്ക് വളരെ സൗകര്യപ്രദമായ ഒരു മാറ്റമാണ്.
അതേസമയം, കാസർകോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യുകയും പിന്നീട് അത് കാസർകോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിൻ്റെ നികുതി മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളിൽ രജിസ്റ്റർ ചെയ്‌ത ആർ ടി ഓഫീസിനായിരിക്കും ഉത്തരവാദിത്തം. പുതിയ നിയമം നടപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് നിരവധി നടപടികൾ സ്വീകരിക്കുകയാണ്. ഓൺലൈൻ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും, പുതിയ നിയമത്തിന് അനുസൃതമായി സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.
#Kasargod #VehicleRegistration #KeralaRT #OnlineRegistration #MotorVehicles #NewLaw