Fact Check | കാസർകോട് കളനാട്ട് ഇറച്ചിക്കഷണം കുറഞ്ഞതിനെ ചൊല്ലി കല്യാണ വീട്ടിൽ കൂട്ടത്തല്ല് നടന്നതായി വ്യാജ പ്രചാരണം; വസ്തുത അറിയാം
● കോഴിക്കോട് നടന്ന സംഭവമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
● വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുള്ള തർക്കമായിരുന്നു അത്
● വ്യാജപ്രചാരണങ്ങളിൽ ജാഗ്രത പാലിക്കുക
കാസർകോട്: (KasargodVartha) ജില്ലയിലെ കളനാട്ട് ഒരു കല്യാണ വീട്ടിൽ ബിരിയാണിയിൽ ഇറച്ചിക്കഷണം കുറഞ്ഞതിനെ ചൊല്ലി കൂട്ടത്തല്ല് നടന്നതായി വ്യാജ പ്രചാരണം. ആളുകൾ തമ്മിൽ തല്ല് കൂടുന്ന ഒരു വീഡിയോ സഹിതമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, വാസ്തവം മറ്റൊന്നാണ്. ഈ വീഡിയോ യഥാർത്ഥത്തിൽ ഒരാഴ്ച മുൻപ് കോഴിക്കോട് താഴെ തിരുവമ്പാടിയിൽ നടന്ന ഒരു സംഭവത്തിന്റേതാണ്.
വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന ഒരു സംഘവും മറ്റൊരു സംഘവും തമ്മിൽ നടുറോഡിൽ വെച്ചുണ്ടായ തർക്കമാണ് കോഴിക്കോട് തിരുവമ്പാടിയിൽ കൂട്ടത്തല്ലിൽ അവസാനിച്ചത്. വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുള്ള വാക് തർക്കം പിന്നീട് രൂക്ഷമായ കയ്യാങ്കളിയിലേക്ക് വഴി മാറുകയായിരുന്നു. ഇരുവിഭാഗവും ഏറെ നേരം പരസ്പരം ഏറ്റുമുട്ടി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തിരുന്നു.
വാഹനങ്ങൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ കയ്യാങ്കളി നടന്നുവെങ്കിലും, ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
ഈ സംഭവം കോഴിക്കോട് നടന്നതാണെന്നിരിക്കെ, ചിലർ ഇത് കാസർകോട് കളനാട് നടന്ന സംഭവമാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, വസ്തുതകൾ ശരിയായി മനസ്സിലാക്കാതെ ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിക്കുന്നു.
കോഴിക്കോട്ടെ കല്യാണ അടി കാസർകോട്ട് ഹിറ്റായി;
— Kasargod Vartha (@KasargodVartha) December 28, 2024
വീഡിയോ പ്രചരിപ്പിക്കുന്നത് തെറ്റായി pic.twitter.com/uyguTPAAWB
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എല്ലാ വിവരങ്ങളും വിശ്വസനീയമാകണമെന്നില്ലെന്നും, ഉറവിടം അറിയാത്തതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും സാമൂഹ്യമാധ്യമ ഉപയോക്താക്കളും ഓർമിപ്പിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അതുകൊണ്ട് ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അവർ കൂട്ടിച്ചേർത്തു
#Kasaragod, #FakeNews, #Kerala, #FactCheck, #SocialMediaHoax, #Misinformation