Fever Death | പനിച്ച് വിറച്ച് കാസര്‍കോട്; ടി ടി സി വിദ്യാര്‍ഥിനി മരിച്ചു
കാസര്‍കോട്: (www.kasargodvartha.com) പനി ബാധിച്ച് ചികിത്സയിലായിരുന്ന ടി ടി സി വിദ്യാര്‍ഥിനി മരിച്ചു. ചെമ്മനാട് അലക്കം പടിയിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (26) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് യുവതിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി മൂര്ച്ഛിചതിനെ തുടര്‍ന്ന് അശ്വതിയെ ചൊവ്വാഴ്ച മംഗ്ളൂറു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ട്രെയിനിംഗ് സെന്ററില്‍ നിന്ന് കോഴ്സ് കഴിഞ്ഞ അശ്വതി, ചെമ്മനാട് പരവനടുക്കം ജി എച് എസ് എസില്‍ അധ്യാപക പരീശീലനം നടത്തിയിരുന്നു. വെള്ളരിക്കുണ്ട് ബളാല്‍ നാട്ടക്കല്ലിലെ നെടുംപാലപുഴയില് ബാലകൃഷ്ണന്- കോമളവല്ലി ദമ്പതികളുടെ മകളാണ്. അഞ്ചുവയസുള്ള അനയ് ഏക മകനാണ്. സഹോദരങ്ങള്‍: ആതിര, ആദിത്യന്. സംസ്കാരം ഉച്ചയ്ക്കുശേഷം നാട്ടക്കല്ലിലെ വീട്ടുവളപ്പില്‍ നടക്കും.
ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രണ്ടുദിവസം മുന്‍പ് രോഗം ബാധിച്ചവരുടെ എണ്ണം 800 ന് മുകളില്‍ എത്തിയിരുന്നുവെങ്കിലും ബുധനാഴ്ച 619 പേരാണ് അസുഖ ബാധിതര്‍. സംശയാസ്പദമായി ഡെങ്കിപ്പനി ബാധിച്ച് ഒന്പതുപേര് ചികിത്സയിലാണ്. എലിപ്പനി ബാധിച്ച് ഒരാളും ചികിത്സയിലുണ്ടെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ അറിയിച്ചു. വ്യാഴാഴ്ചത്തെ പനി കണക്ക് വൈകിട്ടോടെ മാത്രമെ ലഭ്യമാവുകയുള്ളു.
സര്‍കാര്‍ ആശുപത്രികളിലും സ്വകാര്യാശുപത്രികളിലും പനി ബാധിച്ച് എത്തുന്നവരെ കൊണ്ട് ഒരേപോലെ വീര്പ്പുമുട്ടുകളാണ്. മഴയ്ക്ക് മുന്‍പ് നടത്തേണ്ട ശുചീകരണപ്രവര്‍ത്തനം കാര്യക്ഷമമല്ലാതിരുന്നതാണ് പകര്‍ചവ്യാധികളും പനി മരണങ്ങളും കൂടാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.








