Inflation | അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വില; ഇരുട്ടടിയായി കെഎസ്ഇബിയുടെ ഡെപോസിറ്റ് തുകയും; സാധാരണക്കാർ പെടാപാടിൽ
അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം മൂലം തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും വിമർശനമുണ്ട്
കാസർകോട്: (KasaragodVartha) മീൻ തൊഴിലാളികൾക്ക് കടലിൽ പോകാനാവുന്നില്ല, തൊഴിൽ മേഖലയാണെങ്കിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കൈകളിലും. ഇതിനിടയിൽ അവശ്യസാധനങ്ങളുടെ വിലവർധനവ് വാനോളം, ഇരുട്ടടിയായി കെഎസ്ഇബി വൈദ്യുതി നിരക്കിനൊപ്പം ഡെപോസിറ്റ് തുകയും. ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് സാധാരണക്കാർ പരിതപിക്കുന്നു. കുടുംബ ബജറ്റുകളിൽ താളം തെറ്റിയിരിക്കുകയാണ് വീട്ടമ്മമാർ. കേന്ദ്ര-സംസ്ഥാന സർകാരുകൾ യാതൊരു ഇടപെടലുകളും നടത്തുന്നില്ലെന്നാണ് ആക്ഷേപം.
ദൈനംദിന ചിലവുകൾക്ക് പോലും കഷ്ടപ്പെടുകയാണ് ജനം. കാലവർഷം കൂടി കനത്തതോടെ കിട്ടാവുന്ന ജോലികൾക്ക് പോലും തടസമായി നിൽക്കുന്നു. വിപണികളെ ഉണർത്തിയിരുന്ന മീൻ മേഖല കഴിഞ്ഞ ഒരു വർഷമായി മീൻ ലഭ്യതയില്ലാതെ അടഞ്ഞുകിടക്കുന്നു. ഒപ്പം ട്രോളിംഗ് നിരോധനവുമായതോടെ തൊഴിലാളികൾ മുഴുപ്പട്ടിണിയിലാണ്. മത്തിയുടെ വില 400 കടക്കാൻ ഇത് കാരണവുമായി.
അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം മൂലം തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും വിമർശനമുണ്ട്. നാട്ടുകാർക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പൊന്നും നടക്കുന്നില്ല, പൊലീസിന് വേറെ ഒരുപാട് പണിയുമുണ്ട്. ദിവസേന നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് വണ്ടി ഇറങ്ങുന്നത്.
അവശ്യസാധനങ്ങളുടെ വില നാൾക്കുനാൾ വർധിക്കുകയാണ്. തക്കാളി സെഞ്ച്വറിയോടടുത്തെത്തി നിൽക്കുന്നു. കോഴി ഇറച്ചി കഴിഞ്ഞ രണ്ടുമാസമായി 165 രൂപയിലാണ്. പച്ചക്കറി വില കുത്തനെ ഉയരുന്നു. സാമ്പാറിനുള്ള പച്ചക്കറി വില 80ൽ നിന്ന് 100ലേക്ക് കടന്നു. സാധാരണക്കാരുടെ കൈ പൊള്ളിക്കുന്ന വില കയറ്റമാണ് വിപണിയിലെങ്ങും.
ഇതിനിടയിലാണ് ഡെപോസിറ്റ് തുക കൂടി അടക്കാനുള്ള നിർദേശം കെഎസ്ഇബിയുടെ ഭാഗത്ത് നിന്നുണ്ടായത്. ബിൽ കണ്ട് ഉപഭോക്താക്കൾ ഷോകടിച്ചു നിൽക്കുകയാണ്. എങ്ങിനെയെങ്കിലും ജീവിച്ചു പോകട്ടെ എന്ന നിലപാടിലാണ് സർകാരുകളും ഉദ്യോഗസ്ഥരും. എങ്ങിനെ ജീവിക്കാനാണെന്ന ആശങ്കയിലാണ് സാധാരണക്കാർ. വലിയ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ജനജീവിതം ദുസഹമായി തുടരുമ്പോഴും കേന്ദ്ര-സംസ്ഥാന സർകാരുകൾ കണ്ണടച്ചിരിക്കാതെ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
sp ഉത്തരവാദിത്തപ്പെട്ടവർ ഇടപെടുന്നില്ലെന്ന് ആക്ഷേപം