city-gold-ad-for-blogger

ടൂറിസം രംഗത്ത് കാസർകോടിന്റെ കുതിപ്പിന് വീണ്ടും കരുത്ത്; ബേക്കലിൽ 159 മുറികളുള്ള മറ്റൊരു റിസോർട് പദ്ധതിയുമായി താജ് ഗ്രൂപ്

ബേക്കൽ: (www.kasargodvartha.com 18.02.2022) താജിന് പുറമേ ടാറ്റയുടെ തന്നെ മറ്റൊരു ബ്രാൻഡായ സെലക്ഷൻസ് 159 മുറികളുള്ള റിസോർട് പദ്ധതിയുമായി ബേക്കലിലെത്തുന്നു. ഇതുസംബന്ധിച്ച് ടാറ്റാ ഗ്രൂപിന്റെ ഹോടൽ വിഭാഗമായ ഇൻഡ്യൻ ഹോടെൽസ് കംപനി (ഐ എച് സി എൽ), ഗോപാലൻ എന്റർപ്രൈസസുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2024-ൽ തുറക്കാൻ ഉദ്ദേശിക്കുന്ന ഈ റിസോർട്, കംപനിയുടെ ബ്രൗൻഫീൽഡ് പ്രോജക്ടാണ്. ബീച്, കായൽ, കുന്നിൻ പ്രദേശങ്ങൾ, ചരിത്രപരമായ ബേക്കൽ കോട്ട തുടങ്ങിയവയാൽ പ്രകൃതി രമണീയമായ ബേക്കലിൽ നിലവിൽ ടാറ്റാ ഗ്രൂപിൻറെ താജ് റിസോർട് ആൻഡ് സ്പാ 77 മുറികളോടെ നല്ല നിലയിൽ പ്രവർത്തിച്ച് വരുന്നുണ്ട്. അതിനോടൊപ്പമാണ് സെലക്ഷൻസ് കൂടി ഐ എച് സി എൽ തുടങ്ങുന്നത്.
                            
ടൂറിസം രംഗത്ത് കാസർകോടിന്റെ കുതിപ്പിന് വീണ്ടും കരുത്ത്; ബേക്കലിൽ 159 മുറികളുള്ള മറ്റൊരു റിസോർട് പദ്ധതിയുമായി താജ് ഗ്രൂപ്

'സംസ്ഥാനത്ത് ഞങ്ങളുടെ പോർട്ഫോളിയോ വിപുലീകരിക്കുന്നതിന് റിസോർട് കൊണ്ടുവരുന്നതിൽ സന്തുഷ്ടരാണ്. പുതിയതും ഉയർന്നുവരുന്നതുമായ വിനോദ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വർധിച്ചുവരുന്ന ഡിമാൻഡുണ്ട്. ധാരണാപത്രം ഒപ്പിട്ടതിലൂടെ, ബേക്കലിന്റെ ടൂറിസം സാധ്യതകളിൽ കംപനിയുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നു. ബേക്കലിലെ ഞങ്ങളുടെ രണ്ടാമത്തെ ഹോടലാണിത്. ഈ പദ്ധതിക്കായി ഗോപാലൻ എന്റർപ്രൈസസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്' - ഐ എച് സി എൽ റിയൽ എസ്റ്റേറ്റ് ആൻഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂടീവ് വൈസ് പ്രസിഡന്റ് സുമ വെങ്കിടേഷ് പറഞ്ഞു.

ബേക്കലിലെ റിസോർടിനായി ഐ എച് സി എലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗോപാലൻ എന്റർപ്രൈസസ് ഡയറക്ടർ സി പ്രഭാകർ പറഞ്ഞു. കംപനി, അതിന്റെ വൈദഗ്ധ്യം ഉപയോഗിച്ച്, വളർന്നുവരുന്ന ഒരു വിനോദ കേന്ദ്രമെന്ന നിലയിൽ ബേക്കലിന്റെ സ്ഥാനം വർധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബേക്കൽ ബീച്, കോട്ട എന്നിവയിൽ നിന്ന് ചെറിയ ദൂരത്തിൽ കായൽ തീരത്താണ് റിസോർട്ട് വരുന്നത്. ഏകദേശം 30 ഏകറിൽ പരന്നുകിടക്കുന്ന റിസോർടിന്റെ രൂപകല്പന കേരളത്തിന്റെ പ്രാദേശിക സംസ്‌കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതായിരിക്കും. ഹോടെൽ, റെസ്റ്റോറന്റ്, ബാർ, കൂടാതെ സാമൂഹികവും ബിസിനസ് പരവുമായ ഒത്തുചേരലുകൾ, കല്യാണങ്ങൾക്കും വിരുന്നുകൾക്കും അനുയോജ്യമായ മനോഹരമായ തുറന്ന ഇടങ്ങളുമുള്ള കൺവെൻഷൻ സെന്റർ ഉൾപെടെയുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. ഹോട്ടലിൽ വലിയ വെൽനസ് സൗകര്യവും ഒരുക്കും.

ഇതോടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന നാലെണ്ണം ഉൾപെടെ വിവിധ ബ്രാൻഡുകളിലായി കേരളത്തിൽ ഐ എച് സി എലിന് 14 ഹോടെലുകളാവും. നിലവിലെ താജ് റിസോർട് ആൻഡ് സ്പായിലെ പ്രസിഡൻഷ്യൽ സ്യൂടിന്റെ നിരക്ക് ഒന്നര ലക്ഷത്തിൽ അധികമായിട്ടും അതിഥികൾ ഏറെ ഇവിടെയെത്തുന്നുവെന്നത് പ്രദേശത്തിന്റെ ടൂറിസം സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.

1995 ൽ തുടങ്ങിയ ബേക്കൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർകാർ ബേക്കൽ റിസോർട് ഡെവലപ്മെന്റ് കോർപറേഷൻ (ബിആർഡിസി) രൂപീകരിക്കുകയും 235 ഏകർ സ്ഥലം ഏറ്റെടുത്ത് ആറ് റിസോർടുകൾ നിർമിക്കാനായി ആഗോള ടെൻഡറിലൂടെ സ്വകാര്യ സംരഭകരെ ഏൽപിക്കുകയായിരുന്നു. അതിൽ താജ് , ലളിത് റിസോർടുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ ഗോപാൽ എന്റർപ്രൈസസിന്റെ കീഴിൽ പണി നടന്നുവരുന്ന റിസോർടാണ് ഐ എച് സി എൽ സെലക്ഷൻസ് എന്ന ബ്രാൻഡിൽ വരുന്നത്.

താജ് റിസോർടിന് കഴിഞ്ഞ വർഷം മികച്ച ഡെസ്റ്റിനേഷൻ വെഡിംഗ് വേദിക്കുളള വെഡിംഗ് സൂത്ര എഡിറ്റേർസ് അവാർഡ് ലഭിച്ചിരുന്നു. സെലക്ഷൻസ് തുടങ്ങി കൂടുതൽ മുറികൾ ഒരുങ്ങുന്നതോടെ വലിയ കല്യാണങ്ങൾക്കും, കോൺഫറൻസുകൾക്കും, മീറ്റിംഗുകൾക്കും കൂടി ബേക്കലിന് ആതിഥ്യമരുളാനാവും. പാതിവഴിയിലായ ചേറ്റുകുണ്ടിലെയും ചെമ്പിരിക്കയിലേയും റിസോർട് പദ്ധതികൾ കൂടി പൂർത്തീകരിച്ച് കൂടുതൽ മുറികൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ബിആർഡിസി.

കൂടുതൽ മുറികൾ ഒരുങ്ങുന്നതോടെ ഡെസ്റ്റിനേഷൻ വെഡിംഗുകളുടെയും മൈസ് (മീറ്റിംഗുകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ) ഹബായി ബേക്കലിന് മാറാനാവും. പെരിയയിലെ ചെറുവിമാനത്താവളം കൂടി സാധ്യമാവുന്നതോടെ ടൂറിസ്റ്റുകളെ എളുപ്പത്തിൽ റിസോർടുകളിലേക്കെത്തിക്കാനാവും. ദേശീയ പാത വികസനവും കോവളം ബേക്കൽ ജലപാതയും, സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയും യാഥാർഥ്യമാവുന്നതോടെ ബേക്കലിലേക്ക് കൂടുൽ ടൂറിസ്റ്റുകളുടെ വരവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

Keywords: News, Kerala, Bekal, Kasaragod, Hotel, Tourism, India, State, TAJ Resort and Spa, Company, Indian Hotels Company announced new SeleQtions resort in Bekal.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia