Accidental Death | ശക്തമായ മഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്.
കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ഗതാഗതം തടസ്സപ്പെട്ടു.
റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നു.
ഇടുക്കി: (KasargodVartha) ശക്തമായ മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരു വാഹനയാത്രക്കാരന് ദാരുണാന്ത്യം. കാറില്‍ സഞ്ചരിക്കുകയായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് (61) ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇടുക്കി- എറണാകുളം ജില്ലകളുടെ അതിര്‍ത്തിയിലുള്ള നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിലാണ് സംഭവം.
കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ ഭാര്യ അഞ്ചുവിന്റെ അച്ഛനാണ് മരിച്ച ജോസഫ്. ഇദ്ദേഹം കാറിന്റെ പിന്‍സീറ്റിലാണ് ഉണ്ടായിരുന്നത്. മരിച്ച ജോസഫിന്റെ മകള്‍ അഞ്ജു, ഭര്‍ത്താവ് ജോബി, ജോസഫിന്റെ ഭാര്യ അന്നക്കുട്ടി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അന്നക്കുട്ടിയെ അടിമാലിയിലെ ആശുപത്രിയിലും ബാക്കി ഉള്ളവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
വലിയ മരത്തിന്റെ കടഭാഗമാണ് കാറിന് മുകളില്‍ പതിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മണിക്കൂറുകള്‍നീണ്ട ശ്രമത്തിനൊടുവില്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുക്കാനായത്. അഗ്നിരക്ഷാസേനയും പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്.
മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിലും വീണിരുന്നു. ബസ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.
അതിനിടെ കണ്ണൂര്‍ കൊതേരിയിലും കനത്ത മഴയില്‍ റോഡിന് കുറുകെ മരം കടപുഴകി വീണു. ഇതോടെ കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് ട്രാന്‍സ്‌ഫോമറും തകര്‍ന്നു. വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയാണ്.