നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍ മിടിക്കാന്‍ തുടങ്ങി; മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍
കോഴിക്കോട്: (www.kasargodvartha.com 26.09.2021) മസ്തിഷ്‌ക മരണം സംഭവിച്ച നേവിസി(25)ന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍ മിടിക്കാന്‍ തുടങ്ങി. മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാന്‍ തുടങ്ങിയെന്നും രോഗി പൂര്‍ണമായും ബോധവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്.
കോഴിക്കോട് മെട്രോ ആശുപത്രിയില്‍വച്ച് നടന്ന എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എറണാകുളം രാജഗിരി ആശുപത്രിയില്‍വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി നേവിസിന്റെ ഹൃദയവുമായി വൈകിട്ട് നാല് പത്തിനാണ് ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.
172 കി.മീ ദൂരം മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ടാണ് വൈകുന്നേരം 7.15 മണിക്ക് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിയത്. ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. എറണാകുളം മുതല്‍ കോഴിക്കോടുവരെ സര്‍കാര്‍ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കിയിരുന്നു. വഴിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫെയ്‌സ്ബുകിലൂടെ അഭ്യര്‍ഥിച്ചിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.
കേരള സര്‍കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ എന്‍ ഒ എസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഫ്രാന്‍സില്‍ അകൗണ്ടിംഗ് മാസ്റ്റെര്‍ വിദ്യാര്‍ഥിയായിരുന്ന നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.
Keywords: Kozhikode, News, Kerala, Hospital, Treatment, Top-Headlines, Hospital officials said hours-long organ transplantation successful