Legal | എന്തുകൊണ്ട് എയിംസ് കോഴിക്കോട്ട്? സർക്കാരിനോട് വിശദീകരണം തേടി ഹൈകോടതി; വേണ്ടത് കാസർകോട്ടെന് ഹർജിക്കാർ

● കാസർകോട് എയിംസ് ജനകീയ കൂട്ടായ്മയാണ് ഹർജി നൽകിയത്
● ഈ വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം നിർണായകമാകും.
● കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കണം എന്ന് കോടതി നിരീക്ഷിച്ചു.
കൊച്ചി:(KasargodVartha) കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസിനായുള്ള സ്ഥലം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കിനാലൂരിലെ സ്ഥല നിർണയം ചോദ്യം ചെയ്ത് കാസർകോട് എയിംസ് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
എയിംസ് കാസർകോട് സ്ഥാപിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കിനാലൂരിൽ കെഎസ്‌ഐഡിസിയുടെ ഭൂമി എയിംസിനായി കണ്ടെത്തിയ സംസ്ഥാന സർക്കാർ നടപടി കേന്ദ്രസർക്കാരിന്റെ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. 2024 ജൂലൈയിൽ ഇതിന്മേൽ സർക്കാർ തീരുമാനമെടുത്തെന്നും ഹർജിക്കാർ വാദിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കണം എന്ന് കോടതി നിരീക്ഷിച്ചു. മാർഗനിർദേശങ്ങൾ പാലിക്കാത്ത പക്ഷം സ്ഥലം തിരഞ്ഞെടുത്തത് റദ്ദാക്കിയേക്കാം അല്ലെങ്കിൽ വീണ്ടും ആലോചിക്കേണ്ടി വന്നേക്കാം. ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത് ഒരുപാട് കാര്യങ്ങൾ ആലോചിച്ചതിന് ശേഷം എടുക്കേണ്ട തീരുമാനമാണ്. അത് സമൂഹത്തിന് ഏറ്റവും കൂടുതൽ ഉപകാരം കിട്ടുന്ന രീതിയിൽ ആയിരിക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു
അതേസമയം, കേരളത്തിന് എയിംസ് അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ തീരുമാനം പ്രതീക്ഷിച്ചാണ് സംസ്ഥാനം സ്ഥലം തിരഞ്ഞെടുത്തതെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം നിർണായകമാകും.
വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വാർത്ത ഷെയർ ചെയ്യുക
Kerala High Court seeks explanation from the state government regarding the location of the proposed AIIMS in Kozhikode. Petitioners demand the facility be located in Kasaragod, alleging the current decision violates central government procedures. The court emphasizes the need to adhere to guidelines for establishing higher education institutions.
#AIIMS #Kerala #Kozhikode #Kasaragod #HighCourt #Health