Special Bench | ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്
ഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച കേസുകൾ പരിഗണിക്കാൻ ഒരു പ്രത്യേക ബെഞ്ച് രൂപീകരിച്ചു. സജിമോൻ പാറയലിന്റെ ഹരജി ആഴത്തിൽ പരിശോധിക്കാൻ പുതിയ ബെഞ്ച് രൂപം നൽകുന്നു.
കൊച്ചി: (KasargodVartha) ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി ഹൈക്കോടതി ഒരു പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഈ ബെഞ്ചിൽ ഒരു വനിത ജഡ്ജിയും അംഗമായിരിക്കും. സജിമോൻ പാറയലിന്റെ ഹരജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഈ തീരുമാനമെടുത്തത്.
സജിമോൻ പാറയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു ഭാഗം മാത്രം കേട്ട് തയ്യാറാക്കിയതാണെന്നും അതിനാൽ ഇത് പുറത്തുവിടരുതെന്നും ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അംഗമായ ഡിവിഷൻ ബെഞ്ചാണ് ഈ കേസുകൾ പരിഗണിക്കുന്നതിനായി അഞ്ചംഗ വിശാല ബെഞ്ചിന് രൂപം നൽകിയത്.
നേരത്തെ, പ്രത്യേക സംഘത്തിന്റെ അന്വേഷണ പരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്നും, റിപ്പോർട്ട് വായിക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടെന്നും ഡി.ജി.പി തീരുമാനിച്ചിരുന്നു. റിപ്പോർട്ടിലെ ഹൈക്കോടതി തീരുമാനം വന്നശേഷം തുടർനടപടിയാവാമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തില്‍ അദ്ദേഹം നിർദേശിച്ചിരുന്നു.
പരാതികൾ സ്വീകരിക്കാൻ ഇ-മെയിൽ ഐ.ഡിയും വാട്സ്‌ആപ്പ് നമ്പരും
സിനിമാ രംഗത്ത് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ-മെയിൽ ഐ.ഡിയും വാട്സ്‌ആപ്പ് നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐ.ഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര താരങ്ങളായ നിരവധി പ്രമുഖർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
#HemCommitteeReport, #SpecialBench, #KeralaHighCourt, #SajimonParayil, #LegalAction, #FilmIndustry