city-gold-ad-for-blogger

Health Tips | ആറ്റുകാൽ പൊങ്കാല: ഈ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക!

Health tips for safe participation in Attukal Pongala festival.
Photo Credit: Website/ ATTUKAL BHAGAVATHY TEMPLE

● സൂര്യാഘാതം ഒഴിവാക്കാൻ തലയും മുഖവും മറയ്ക്കുക
● ധാരാളം വെള്ളം കുടിക്കുക.
● പൊങ്കാല അർപ്പിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ എടുക്കുക 
● സൂര്യാഘാതം ഒഴിവാക്കാൻ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

തിരുവനന്തപുരം: (KasargodVartha) ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ ഒത്തുചേരലായി ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുമ്പോൾ, ഭക്തജനങ്ങൾ അവരുടെ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. കത്തുന്ന വേനൽ ചൂടിൽ ആണ് പൊങ്കാല നടക്കുന്നത് എന്നത് കൊണ്ട് തന്നെ ചില ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്

സൂര്യാഘാതത്തിൽ നിന്നും രക്ഷനേടാം

വേനൽക്കാലമായതിനാൽ പൊങ്കാലയിടുമ്പോൾ തലയും മുഖവും തുണികൊണ്ട് മറയ്ക്കുക. ധാരാളം വെള്ളം കുടിക്കുകയും പഴങ്ങൾ കഴിക്കുകയും ചെയ്യുക. ചൂട് അധികം അറിയാതിരിക്കാൻ കോട്ടൺ വസ്ത്രങ്ങളോ ഇളം നിറത്തിലുള്ള വസ്ത്രങ്ങളോ ധരിക്കാൻ ശ്രദ്ധിക്കുക. കുട, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. അതുപോലെ തന്നെ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതാണ്.

ഭക്ഷണപാനീയങ്ങളിൽ ശ്രദ്ധിക്കാം

വഴിയോരങ്ങളിലെ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളവും നന്നായി കഴുകിയ അരിയും മറ്റു പദാർത്ഥങ്ങളും ഉപയോഗിക്കുക. നിലത്തു വീണവ ഉപേക്ഷിക്കുക.

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ

തലകറക്കം അനുഭവപ്പെട്ടാൽ ഉടൻ കിടക്കുക. കാലുകൾ നീട്ടി, പറ്റുമെങ്കിൽ കാലുകൾ കുറച്ച് ഉയരത്തിൽ വച്ച് കിടക്കുക. തലകറങ്ങി ബോധക്ഷയമുണ്ടാകുന്നതിന് മുമ്പ് തന്നെ കുറച്ച് മധുരം കഴിക്കുന്നത് നല്ലതാണ്. ബോധക്ഷയം വന്ന വ്യക്തിക്ക് ബോധം വരുന്നത് വരെ വെള്ളം കുടിപ്പിക്കാനോ ഭക്ഷണം കഴിപ്പിക്കാനോ പാടില്ല. ആസ്മയുള്ളവർക്ക് ശ്വാസംമുട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇൻഹേലർ ഉപയോഗിക്കുന്നവർ അത് കരുതുക.

പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. വ്രതമെടുത്ത് ഭക്ഷണം ഒഴിവാക്കുന്നവരാണെങ്കിൽ രാവിലത്തെ ഗുളിക ഒഴിവാക്കുന്നതാണ് ഉത്തമം. ഇൻസുലിൻ എടുക്കുന്നവർ രക്തത്തിലെ ഷുഗർ ലെവൽ മുൻകൂട്ടി ടെസ്റ്റ് ചെയ്ത് ഡോക്ടറെ കണ്ട് ഡോസ് ക്രമീകരിക്കണം. പൊങ്കാലയ്ക്ക് മുമ്പ് തന്നെ പ്രമേഹം നിയന്ത്രണത്തിലാണെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

പൊങ്കാല അർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോട്ടൺ തുണിത്തരങ്ങളും ഇളം നിറത്തിലുള്ള വസ്ത്രങ്ങളും തിരഞ്ഞെടുക്കുക. തൊങ്ങലുകളുള്ളതും നീളം കൂടിയതുമായ വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കുക. തീ ആളിപ്പടരാനിടയുള്ളതിനാൽ അടുപ്പിൽ ചൂട്ട് ഒഴിവാക്കുക. ചെരുപ്പുകൾ നിർബന്ധമായും ധരിക്കുക. ഉത്സവം കഴിഞ്ഞ് അടുത്ത അഞ്ചു ദിവസമെങ്കിലും കാലിന്റെ അടിഭാഗം പരിശോധിക്കണം. പൊള്ളലോ മുറിവുകളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം. തീയിൽ നിന്ന് നിശ്ചിത അകലം പാലിക്കുക. മുടി ഉണക്കി കെട്ടി വയ്ക്കാൻ ശ്രദ്ധിക്കണം. പൊള്ളലുകൾ ഉണ്ടായാൽ ഉടൻ മരുന്ന് പുരട്ടുകയോ വെള്ളത്തിൽ കഴുകുകയോ ചെയ്യുക.

മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളുമായി പോകുന്നവർ അവർക്കാവശ്യമായ ലഘുഭക്ഷണവും വെള്ളവും തൊപ്പികളും കരുതുക. സംസ്ഥാനത്തിൻ്റെ പല ഭാഗത്തുനിന്നും വരുന്നവർ അവരറിയാതെ തന്നെ രോഗവാഹകരാകാം എന്നതുകൊണ്ട് നമ്മൾ മാസ്ക് ധരിക്കുന്നതോ തുണികൊണ്ട് മുഖം മറയ്ക്കുന്നതോ ഉത്തമം. ഛർദ്ദി, വയറിളക്കം, ശരീരത്തിലെ പാടുകൾ, ചൊറിച്ചിൽ, രണ്ടാഴ്ചയിൽ കൂടുതൽ നീളുന്ന ചുമ എന്നിവ പകർച്ചവ്യാധികളുടെ ലക്ഷണമാകാം. ഇവ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Health tips for travelers attending the Attukal Pongala festival, including hydration, protection from the sun, and precautions for specific health conditions.

#AttukalPongala #HealthTips #FestivalSafety #KeralaNews #SunProtection #DiabetesCare

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia