Farmers | കാന്തല്ലൂരിലും വട്ടവടയിലും ഇപ്പോള്‍ വിളവെടുപ്പ്; പച്ചക്കറികള്‍ക്ക് വില ലഭിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു
മറയൂര്‍: (www.kasargodvartha.com) കാന്തല്ലൂരിലും വട്ടവടയിലും ഇപ്പോള്‍ വിളവെടുപ്പ് നടക്കുകയാണെങ്കിലും പച്ചക്കറികള്‍ക്ക് വില ലഭിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞദിവസം വിഎഫ്പിസികെ സംഭരണ കേന്ദ്രത്തില്‍ ലേലത്തിനെത്തിച്ച മുരിങ്ങ, ബീന്‍സ് ഇടനിലക്കാര്‍ വില താഴ്ത്തി ചോദിച്ചു. ഇതോടെ വിറ്റഴിക്കാന്‍ കഴിയാതെ വരുകയും ഒടുവില്‍ ഒരു ടണ്‍ ബീന്‍സ് ഇടനിലക്കാരന് നല്‍കുകയും ചെയ്തു. ഇത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി വിറ്റഴിക്കുകയും ചെയ്തു.
എങ്ങനെയെങ്കിലും വിളവെടുത്ത ബീന്‍സ് വിറ്റഴിക്കണമെന്ന അവസ്ഥയിലാണ് തമിഴ്‌നാട്ടില്‍ എത്തിച്ച് വിറ്റഴിച്ച ശേഷം കിട്ടുന്ന വില കര്‍ഷകര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് സാഹചര്യത്തിലാണ് കയറ്റിവിട്ടത്. ഒരാഴ്ചകൂടി ഓണത്തിന് ഉള്ളപ്പോള്‍ സര്‍കാര്‍ സംഭരണ കേന്ദ്രങ്ങള്‍ ഒന്നും പച്ചക്കറികള്‍ എടുക്കാന്‍ തയാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അതേസമയം വര്‍ഷങ്ങളായുള്ള കുടിശ്ശിക ഹോടികോര്‍പ് ഇതുവരെ നല്‍കിയിട്ടില്ലെന്നുള്ള ആരോപണവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഒരുകിലോ മുരിങ്ങ ബീന്‍സിന് 80 രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഈയാഴ്ച വിഎഫ്പിസികെ സംഭരണ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ 20 രൂപയ്ക്കാണ് ചോദിച്ചതെന്നും ഇത് മുടക്കുമുതല്‍ പോലും കിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഓണത്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലും വട്ടവടയിലും ഇപ്പോള്‍ വിളവെടുപ്പ് നടന്ന വരുന്നത്.