ആശാ വർക്കർമാർക്ക് പിന്നാലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും വേതനം മുടങ്ങി; അഞ്ച് മാസമായി ശമ്പളമില്ല, സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു
● മാലിന്യമുക്ത കേരളത്തിനായി പ്രവർത്തിക്കുന്ന സേനാംഗങ്ങൾ വേതനം ലഭിക്കാതെ ദുരിതത്തിൽ.
● യൂസർ ഫീ വീതം വയ്ക്കുമ്പോൾ തുച്ഛമായ വരുമാനം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.
● പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു നൽകുന്നതിന് ലഭിക്കേണ്ട വേതനം പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു വർഷത്തിലേറെയായി കുടിശ്ശികയാണ്.
● ക്ലീൻ കേരള കമ്പനി അടക്കം വിവിധ ഏജൻസികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് 3 കോടിയോളം രൂപ നൽകാനുണ്ട്.
ആലപ്പുഴ: (KasargodVartha) ആശാ വർക്കർമാരുടെ സമരത്തിന് പിന്നാലെ, ഹരിതകർമ്മ സേനാംഗങ്ങൾക്ക് അഞ്ച് മാസമായി വേതനം ലഭിക്കാത്തതും സംസ്ഥാനത്ത് ചർച്ചയാവുന്നു. 1.5 കോടി രൂപ ചെലവഴിച്ചു സർക്കാർ നടത്തിയ അതിദാരിദ്ര്യ സംസ്ഥാന പ്രഖ്യാപനം ധൂർത്തും ആർഭാടവുമാണെന്ന ആക്ഷേപം നിലനിൽക്കെയാണ്, മാലിന്യമുക്ത കേരളത്തിനായി പ്രവർത്തിക്കുന്ന സേനാംഗങ്ങൾ വേതനം ലഭിക്കാതെ ദുരിതത്തിലായത്.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 3.5 ലക്ഷത്തോളം ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് അഞ്ച് മാസമായി വേതനം കുടിശ്ശികയായിട്ടുള്ളത്. യൂസർ ഫീ വീതം വയ്ക്കുമ്പോൾ തുച്ഛമായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തരംതിരിച്ചു നൽകുന്നതിന് ലഭിക്കേണ്ട വേതനം കിട്ടുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി. ഈ വേതനം ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു വർഷത്തിലേറെയായി കുടിശ്ശികയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ക്ലീൻ കേരള കമ്പനി അടക്കം വിവിധ ഏജൻസികൾക്ക്, ഇതുവഴി 3 കോടിയോളം രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുണ്ട്.
ഈ തുക കമ്പനികളിൽ നിന്ന് പിരിച്ചെടുക്കാൻ സർക്കാർ കാണിക്കുന്ന അലംഭാവമാണ് തങ്ങൾക്ക് വേതനം കുടിശ്ശികയാവാൻ കാരണമെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ പറയുന്നു.
ആഴ്ചയിൽ ആറ് ദിവസം രാവിലെ 8 മണി മുതൽ വൈകിട്ട് 7 വരെ ജോലി ചെയ്യുന്നവരാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഹരിതകർമ്മ സേനാംഗങ്ങൾ. ഇവരുടെ പ്രയത്നം മൂലമാണ് ഒരു പരിധിവരെയെങ്കിലും സംസ്ഥാനം മാലിന്യമുക്തമായി മാറിയത്.
ഇവരുടെ വേതനം പോലും നേരാംവണ്ണം കൊടുക്കാനാവാത്തത് ആശാ വർക്കർമാരെപ്പോലെ ഇവരെയും സമരത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഷെയർ ചെയ്യുക.
Article Summary: Haritha Karma Sena members in Kerala haven't received wages for five months, leading to statewide protests.
#HarithaKarmaSena #KeralaWages #ASHAWorkers #WasteManagement #WageArrears #KeralaProtest






