ഗ്രാമീണ നന്മകള് വീണ്ടെടുത്ത് മന്ത്രി എം.കെ. മുനീറിന്റെ ഗ്രാമയാത്ര
Nov 22, 2012, 16:59 IST
കാസര്‍കോട്: നഗരവല്‍ക്കരണത്തിന്റെയും വികസനക്കുതിപ്പിന്റെയും ആരവത്തില്‍ വിസ്മൃതിയിലാണ്ടുപോകുന്ന ഗ്രാമചൈതന്യം വീണ്ടെടുക്കാനുള്ള ഇടപെടലായി മാറി, മന്ത്രി എം.കെ.മുനീറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മൂന്ന് നിയമസഭാ നിയോജകമണ്ഡലങ്ങളിലെ ഗ്രാമയാത്ര. പരിപാടി ജനപങ്കാളിത്തം കൊണ്ടും ഉള്ളടക്കപരമായ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഗ്രാമ മാതൃക പുന:സൃഷ്ടിച്ചുകൊണ്ടാണ് ഗ്രാമയാത്രയോടനുബന്ധിച്ചുള്ള വിശേഷാല്‍ ഗ്രാമസഭകള്‍ ചേര്‍ന്നത്.
ഔപചാരിക സമ്മേളനവേദിയുടെ കെട്ടുംമട്ടും ഒഴിവാക്കി പഴയ ഗ്രാമസഭകള്‍ പുനര്‍ജനിക്കുകയായിരുന്നു മൂന്ന് കേന്ദ്രങ്ങളിലും. ഉപ്പള, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കാവുമഠം, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ബീച്ച് എന്നിവിടങ്ങളിലാണ് ഗ്രാമയാത്രാ പരിപാടി സംഘടിപ്പിച്ചത്.
ഉപ്പളയില്‍ ഗ്രാമീണ പ്രതീതിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഗ്രാമയാത്ര പരിപാടി സംഘടിപ്പിച്ചത്. പനയോലയും, തെങ്ങോലയും കൊണ്ടാണ് പന്തല്‍ ഒരുക്കിയത്. മുളന്തണ്ട് കൊണ്ട് കെട്ടിയുണ്ടാക്കി സജ്ജീകരിച്ച ഇരിപ്പിടമാണ് മന്ത്രിക്കും വിശിഷ്ടാതിഥികള്ക്കുമൊരുക്കിയത്. അതിഥികള്‍ക്കുള്ള ഉപഹാരം തെങ്ങിന് പൂക്കുല പനങ്കുലകള്കൊണ്ട് അലങ്കാരം. പഴയ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഓലകൊണ്ട് തയ്യാറാക്കിയ മഴക്കോട്ട്, മുറം, ഉപ്പു ഭരണി, വെള്ളം കോരി, നെല്ല് അളക്കാനുള്ള പറ എന്നിങ്ങനെയുള്ള വസ്തുക്കള്‍ പുതു തലമുറയ്ക്ക് കൗതുകമായി.
ഗ്രാമയാത്രയോടനുബന്ധിച്ച് വിശേഷാല്‍ ഗ്രാമസഭ ചേര്‍ന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ശാരീരിക വൈകല്യം ബാധിച്ചവര്‍, സ്ത്രീകള്‍, യുവാക്കള്‍, വൃദ്ധര്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങളുടെ പരാതികളും പരിഭവങ്ങളും മന്ത്രി കേട്ടു. ഗ്രാമസഭകള്‍ സജീവമാക്കുക, ഓരോ ഗ്രാമത്തിന്റെയും തനത് തിരുശേഷിപ്പുകള്‍ വീണ്ടെടുക്കുക, ഗ്രാമത്തിന്റെ വികസനത്തിനും കലാ-സാസ്കാരിക മുന്നേറ്റത്തിനും സംഭാവന നല്‍കിയവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്രാമയാത്രാ പരിപാടിയും വിശേഷാല്‍ ഗ്രാമസഭയും വിളിച്ചുചേര്‍ത്തത്. ഗ്രാമയാത്രയ്ക്ക് മുന്നോടിയായി ഉപ്പളയില്‍ നടന്ന ഘോഷയാത്രയില്‍ ഗ്രാമീണ കലാരൂപങ്ങള്‍ അവതരിപ്പിച്ചു.
Keywords: Gramayathra, Minister M.K.Muneer, Kasaragod, Kerala, Malayalam news









