Paintings | ജർമൻ മ്യൂസിയം ഒരുങ്ങുന്നു, എബി എൻ ജോസഫിന്റെ ചിത്രങ്ങളെ വരവേൽക്കാൻ
ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിനെ ആസ്‌പദമാക്കിയുള്ള 26 ചിത്രങ്ങളാണ് ഉള്ളത്
കണ്ണൂർ: (KasargodVartha) ജർമൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിനെ ആസ്‌പദമാക്കി എബി എൻ ജോസഫ് രചിച്ച 26 ചിത്രങ്ങൾ ഇനി ജർമനിയിലെ കാൾഫിലേക്ക്. പരമ്പരാഗതമായി ഹെസ്സെമാരുടെ കുടുംബ വീടുകളുള്ള കാൾഫ് നഗരത്തിലാണ് ഹെർമൻ ഹെസ്സെ മ്യുസിയം.
പോപ്പ് പെയിന്റിംഗ് സമ്പ്രദായം തുടങ്ങിവച്ച ആൻഡി വാരോൾ, റോയ് ലിചെൻസ്റ്റീയിൻ എന്നീ വിഖ്യാത ചിത്രകാരന്മാർക്കൊപ്പമാണ് എബിയുടെ ചിത്രങ്ങളും ഇടം പിടിക്കുന്നത്. നവീകരിക്കപ്പെട്ട ഹെസ്സെ മ്യൂസിയത്തിന്റെ ഒരു നില പൂർണമായും എബിയുടെ ചിത്രങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നുവെന്നതും വലിയ അംഗീകരമാണ്.
ഗാലറികളിലും ഓക്ഷൻ ഹൗസുകളിലും ഇന്ത്യൻ ചിത്രകാരന്മാർ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഒരു യൂറോപ്യൻ മ്യൂസിയം ഇത് ആദ്യമായാണ് ഇത്രയേറെ ചിത്രങ്ങളുമായി ഒരു ഇന്ത്യൻ കലാകാരനെ വരവേൽക്കുന്നത്. ഇതിനകം എബിയുടെ രണ്ട് ചിത്രങ്ങൾ ഹെസ്സെ മ്യൂസിയം ചുവരിൽ പ്രദർശിപ്പിച്ചുവരുന്നുണ്ട്. അക്രിലിക്, ഓയിൽ മാധ്യമങ്ങളിൽ ക്യാൻവസിൽ രചിച്ചവയാണ് മ്യൂസിയം ചുവരുകളിലേക്ക് തുടർന്ന് ക്ഷണിക്കപ്പെട്ടിട്ടുള്ളത്.
2022 ൽ സിദ്ധാർത്ഥ നോവലിന്റെ നൂറാമത് വർഷം ആഘോഷിക്കപ്പെടേണ്ടതായിരുന്നു. കോവിഡ് ഭീതിപൂണ്ട നാളുകളിൽ അത് 2025ലേക്ക് മാറ്റിവയ്ക്കപ്പെടുകയായിരുന്നു. സെപ്റ്റംബർ മാസം എബിയുടെ ചിത്രങ്ങൾ ജർമനി ഏറ്റുവാങ്ങും. പ്രപഞ്ചത്തിന് നേരെ ഒരു വ്യക്തിയുടെ ആന്തരീകവും ബാഹ്യവുമായ പ്രതികരണങ്ങളുടെ സൂഷ്മ വ്യാഖ്യാനമാണ് സിദ്ധാർത്ഥ. ആത്മസംവാദങ്ങളുടെ അസാധാരണ പ്രകാശനം സിദ്ധാർത്ഥ എന്ന നോവലിനെ നൊബേൽ സമ്മാനം സാധ്യമാകുന്നിടത്തോളം എത്തിച്ചു.
ജർമ്മനിയിലെ ഹൈഡിൽബർഗ്ഗ് യൂണിവേഴ്സിറ്റിയുടെ സൈദ്ധാന്തിക പിന്തുണയും ചിത്രരചനക്ക് സഹായകരമായി. കേരള ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ, കേരള സ്കൂൾ ഓഫ് ആർട്സ് പ്രസിഡന്റ്, ആർട് ക്യാൻ കെയർ ചെയർമാൻ, കർണാടക ചിത്രകലാ പരിഷത്ത് നിർവാഹക സമിതി അംഗം, കൊച്ചിൻ ക്യാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ ചുമതലകളും എബി വഹിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് കണ്ണൂർ പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ചിത്രകാരന്‍ എബി എന്‍ ജോസഫ്, ചിത്രകലാ മീഡിയേറ്റര്‍ ബേണ്ട് ഫോ ഗെല്‍, കെ പി പ്രമോദ്, സുഹാസ് വേലാണ്ടി, മഹേഷ് മാറോളി എന്നിവർ പങ്കെടുത്തു.