Flights Cancelled | യുഎഇയിലെ കനത്ത മഴ: തിരുവനന്തപുരത്ത് നിന്നും ദുബൈയിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
*നെടുമ്പാശ്ശേരിയില്‍ നിന്ന് യുഎഇയിലേക്കുള്ള 5 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
*യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനഃക്രമീകരണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
*റാസല്‍ഖൈമ വാദിയില്‍ കാര്‍ ഒഴുക്കില്‍പെട്ട് സ്വദേശി മരണപ്പെട്ടു.
തിരുവനന്തപുരം: (KasargodVartha) കനത്ത മഴ കാരണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി. ദുബൈയിലേക്കുള്ള എമിറേറ്റ്‌സ്, എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങളും ശാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.
നേരത്തെ യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് യുഎഇയിലേക്കുള്ള അഞ്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ദുബൈയിലേക്കുള്ള മൂന്ന് വിമാനങ്ങളുടെയും ശാര്‍ജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് യാത്രയാണ് റദ്ദാക്കിയിരുന്നത്.
ദുബൈയിലേക്കുള്ള ഫ്‌ലൈ ദുബൈയുടെ എഫ് ഇസെഡ് 454, ഇന്‍ഡിഗോയുടെ 6 ഇ 1475, എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനങ്ങളാണ് റദ്ദാക്കിയത്. ശാര്‍ജയിലേക്കുള്ള എയര്‍ അറേബ്യയുടെ ജി9 423 വിമാനവും ദോഹയിലേക്കുള്ള ഇന്‍ഡിഗോ 6 ഇ 1343 വിമാനവും റദ്ദാക്കിയിട്ടുണ്ട്.
ദുബൈയില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് നടപടി. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനഃക്രമീകരണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ചൊവ്വാഴ്ച (16.04.2024) ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മുഴുവന്‍ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ മുതല്‍ വൈകിട്ടുവരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയിരുന്നത്. മൂന്ന് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.
അതേസമയം, ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ മുസ്ലിംകളോട് വീടുകളില്‍ പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പള്ളികള്‍. ബുധനാഴ്ച (17.04.2024) പള്ളികളില്‍ സംഘം ചേര്‍ന്ന് നമസ്‌കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളില്‍ നമസ്‌കരിക്കാനും ജെനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് (ഔഖാഫ്) അറിയിച്ചു.
മഴക്കെടുതിയില്‍ യുഎഇയില്‍ വന്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ദുബൈ, ശാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സര്‍വീസുകള്‍ മഴ കാരണം റദ്ദാക്കി. ദുബൈ മെട്രോ, ബസ്, ടാക്‌സി സര്‍വിസുകളെയും ചില സ്ഥലങ്ങളില്‍ മഴ ബാധിച്ചു.
റാസല്‍ഖൈമ വാദിയില്‍ കാര്‍ ഒഴുക്കില്‍പെട്ട് സ്വദേശി മരണപ്പെട്ടു. എമിറേറ്റിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വാദി ഇസ്ഫ്നിയിലേക്ക് വാഹനവുമായി കടക്കാന്‍ ശ്രമിച്ച 40 കാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പലയിടങ്ങളിലും മഴയ്‌ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി.
75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ശക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മിലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.