Accident | പനയമ്പാട് അപകടം; വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു, ഒരുമിച്ച് കബറടക്കും, കരിമ്പ സ്‌കൂളിന് അവധി

● സ്‌കൂളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
● ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും മൊഴി എടുക്കും.
● ലോറിക്കെതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും.
പാലക്കാട്: (KasargodVartha) കല്ലടിക്കോട് പനയമ്പാട് സിമന്റ് ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കണ്ണീര്‍ പ്രണാമവുമായി വിട നല്‍കാനൊരുങ്ങി നാട്. നാല് വിദ്യാര്‍ഥിനികളുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിച്ചു. ഇവിടെ രണ്ട് മണിക്കൂര്‍നേരം പൊതുദര്‍ശനത്തിന് വെച്ചശേഷം തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. 10.30 ന് തുപ്പനാട് ജുമാമസ്ജില്‍ ഖബറടക്കും. കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല. സ്‌കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളില്‍ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം സഭവിച്ചത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍ - സജ്ന ദമ്പതികളുടെ മകള്‍ ആയിശ (13), പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക് - സജീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ (13), അബ്ദുള്‍ സലീം - നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ (13), അബ്ദുള്‍ സലാം - ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ (13) എന്നിവരാണ് മരിച്ചത്.
മരിച്ച ഇര്‍ഫാന ഷെറിന്‍ അബ്ദുല്‍ സലാമിന്റെ മൂന്നു മക്കളില്‍ മൂത്തയാളാണ്. സ്വന്തമായി പൊടിമില്ല് നടത്തിയായിരുന്നു ഉപജീവനം. ഓട്ടോ ഡ്രൈവറായ റഫീഖിന്റെ മൂത്ത മകളാണ് മരിച്ച റിദ ഫാത്തിമ. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്നുപേരായിരുന്നു മക്കള്‍. മരിച്ച നിദ ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുല്‍ സലീം അടുത്തിടെയാണ് നാട്ടിലെത്തിയത്. രണ്ട് മക്കളില്‍ ഏകമകളെയാണ് ഇവര്‍ക്ക് നഷ്ടമായത്. പലചരക്ക് കട നടത്തുന്ന ഷറഫുദ്ധീന്റെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. ഒരു സഹോദരിയും ഒരു സഹോദരനമുണ്ട്. സബ്ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ സ്‌കൂള്‍ ടീമിന്റെ മണവാട്ടിയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു ദാരുണമായ അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞുകയറുകയായിരുന്നു. അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാല് പേരുടെയും വീടുകള്‍. പാലക്കാട്ടുനിന്നു മണ്ണാര്‍ക്കാട് ഭാഗത്തേക്കു സിമന്റ് കയറ്റിപ്പോയ ലോറി എതിര്‍ദിശയില്‍ വന്ന ലോറിയുടെ പിന്‍ഭാഗത്ത് ഇടിച്ച് ഇടതുവശത്തേക്കു പാഞ്ഞു കയറി വിദ്യാര്‍ഥിനികളുടെ ദേഹത്തേക്കു മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ സിമന്റ്‌പൊടി പറന്നതിനാല്‍ കുറച്ചു നേരത്തേക്ക് ഒന്നും വ്യക്തമായില്ല. പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിമന്റ് ലോഡ് മാറ്റി ലോറി ഉയര്‍ത്തിയ ശേഷമാണ് അടിയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികളെ പുറത്തെടുക്കാനായത്.
അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി വെള്ളിയാഴ്ച എടുക്കും. ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരുടെ മൊഴി കല്ലടിക്കോട് പൊലീസിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അപകടമുണ്ടാക്കിയ ലോറിക്കെതിരെ വന്ന വാഹന ഉടമയെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെ വ്യാഴാഴ്ച പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നുവെന്നാണ് കേസ്.
#schoolbusaccident #Kerala #India #tragedy #roadsafety #RIP