Rescue | വയനാട് ഉരുൾപൊട്ടൽ: നാല് പേരെ ജീവനോടെ കണ്ടെത്തി
കൽപ്പറ്റ: (KasargodVartha) വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നാല് പേരെ ജീവനോടെ രക്ഷിച്ചു (rescued four people). രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യം (army) നടത്തിയ തിരച്ചിലിലാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്ത് ഇവരെ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ്
രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു.
അതേസമയം, മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ ഉരുൾപൊട്ടൽ (landslide) മൂലം മരണസംഖ്യ 316 ആയി ഉയർന്നു. ഇനിയും 298 പേരെ കണ്ടെത്താനുണ്ട്. ചാലിയാറിൽ നിന്ന് 172 മൃതദേഹങ്ങൾ കണ്ടെടുത്തു. സൈന്യം നിർമ്മിച്ച ബെയ്ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. സൈന്യത്തിന്റെ നിഗമനത്തിൽ, മേഖലയിൽ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാൻ സാധ്യതയില്ലെങ്കിലും, ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്. സൈന്യം, എൻഡിആർഎഫ്, സംസ്ഥാന സർക്കാർ, വിവിധ സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കാണാതായവരിൽ 29 പേർ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളിൽ 2328 പേരുണ്ട്.Hashtags: #WayanadLandslide, #Rescue, #Kerala, #India, #DisasterRelief