city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം ശക്തി കേന്ദ്രത്തിലെ മുത്തപ്പൻ ക്ഷേത്രത്തിൽ സംഘർഷാവസ്ഥയ്ക്കിടയിലും മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടി; ശക്തമായ പൊലീസ് കാവൽ; നിർണായകമായി ഹൈകോടതി ഉത്തരവ്

പടന്ന: (www.kasargodvartha.com 24.01.2022) സിപിഎം ശക്തികേന്ദ്രത്തിൽ സംഘർഷവും തർക്കങ്ങളും മൂലം ഒരു വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ പടന്ന തെക്കേക്കാട് ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ശക്തമായ പൊലീസ് കാവലിൽ തിങ്കളാഴ്ച ഉച്ചയോടെ മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടി.
                                   
സിപിഎം ശക്തി കേന്ദ്രത്തിലെ മുത്തപ്പൻ ക്ഷേത്രത്തിൽ സംഘർഷാവസ്ഥയ്ക്കിടയിലും മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടി; ശക്തമായ പൊലീസ് കാവൽ; നിർണായകമായി ഹൈകോടതി ഉത്തരവ്

സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകരടങ്ങിയ ജനകീയ സമിതി പ്രവര്‍ത്തകര്‍ തടസവാദങ്ങള്‍ ഉന്നയിച്ചെങ്കിലും ഹൊസ്ദുർഗ് തഹസിൽദാർ എം മണിരാജ്, ഡെപ്യൂടി തഹസിൽദാർ ഇ വി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരുടെയും ചന്തേര, ചീമേനി പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംരക്ഷണയിലുമാണ് മുത്തപ്പന്‍ കെട്ടിയാടിയത്.

ഒരു വർഷം മുമ്പ് മുത്തപ്പൻ മടപ്പുരയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം ലോകൽ കമിറ്റി അംഗം ഉൾപെടെയുള്ള ജനകീയ സമിതി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാജി, രമണൻ, ദാസൻ, സുകുമാരൻ, തമ്പാൻ, സായന്ത്‌, സനൽ, സുമേഷ്, സുധീഷ്, രഞ്ജു എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു 190 ആളുകൾക്കും എതിരെയാണ് ചന്തേര പൊലീസ് നേരത്തേ കേസെടുത്തിരുന്നത്.

പൊലീസിനെ ആക്രമിക്കുകയും നിയമവിരുദ്ധമായി സംഘം ചേരുകയും കോവിഡ് മാനദണ്ഡം ലംഘിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തെക്കേക്കാട് മുത്തപ്പൻ മടപ്പുര ഒരു വർഷത്തോളമായി സർകാർ ഏറ്റെടുത്തിരിക്കുകയായിരുന്നു.

സംഘർഷം ഒഴിവാക്കാൻ പൊലീസ് അന്ന് ലാതി ചാർജും ഗ്രനേഡ് പ്രയോഗവും നടത്തിയാണ് ആൾ കുട്ടത്തെ പിരിച്ചുവിട്ടത്.

മുത്തപ്പൻ മടപ്പുരയിൽ തന്നെ ജനകീയസമിതി രൂപവൽക്കരിക്കാൻ യോഗം ചേരണമെന്ന ഒരു വിഭാഗത്തിന്റെ വാശിയാണ് കുഴപ്പങ്ങൾക്കിടയാക്കിയതെന്നാണ് ആക്ഷേപം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അന്നത്തെ കാസർകോട് കലക്ടർ ഡോ. ഡി സജിത് ബാബു പ്രശ്നം പരിഹരിക്കുന്നതുവരെ മുത്തപ്പൻ മടപ്പുര സർകാർ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നടത്തിപ്പ് ചുമതല കലക്ടർ ഹൊസ്ദുർഗ് തഹസിൽദാരെ ഏൽപിക്കുകയും ചെയ്തിരുന്നു.

മൂന്ന് ജനകീയസമിതി പ്രവർത്തകർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും മുമ്പ് നടന്ന സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പൊലീസ് നൽകിയ നോടീസ് ധിക്കരിച്ച് ജനകീയ സമിതി പ്രവർത്തകർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടയുകയായിരുന്നു. സിപിഎം ജില്ലാ സെക്രടറി അടക്കമുള്ളവർ മുൻകയ്യെടുത്ത് മൂന്ന് തവണ നടത്തിയ ചർചയിലും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല.

പ്രതിഷ്ഠാദിന ആലോചന യോഗം മുത്തപ്പൻ മടപ്പുര ഭരണസമിതി അന്ന് മാറ്റിവെക്കുകയും ചെയ്തിരുന്നു. സിപിഎം നേതൃത്വവും പൊലീസും നൽകിയ നിർദേശം വകവെക്കാതെ ജനകീയ സമിതി പ്രവർത്തകർ പ്രത്യേകമായി യോഗം വിളിച്ചു ചേർത്തതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.

സംഘടിച്ചെത്തിയ ഇവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടയുകയായിരുന്നു. മുത്തപ്പൻ മടപ്പുരയിൽ യോഗം വിളിച്ച ജനകീയ സമിതിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മടപ്പുര ഭാരവാഹികളായ പി പി ചന്ദ്രൻ, പി പി രവി എന്നിവരുമായി നടത്തിയ ചർചയിൽ സിപിഎം ഏരിയ സെക്രടറി കെ വി സുധാകരൻ,​ ജില്ലാ കമിറ്റി അംഗം വത്സലൻ എന്നിവർ അന്ന് അറിയിച്ചിരുന്നു.

പ്രശ്നത്തിന് പരിഹാരം ഉണ്ടാകാതെ അനന്തമായി നീണ്ടു പോയതോടെ മുത്തപ്പൻ മടപ്പുര ട്രസ്റ്റി ബോർഡ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച വെള്ളാട്ടം കെട്ടിയാടിയത്. മുത്തപ്പൻ കെട്ടിയാടാൻ എത്തിയ കോലക്കാരെ തെക്കേക്കാട് പുഴക്ക് സമീപം ബണ്ട് പരിസരത്ത് തടഞ്ഞ് തിരിച്ചയക്കാൻ ശ്രമം ഉണ്ടായെങ്കിലും പൊലീസ് പ്രശ്നക്കാരെ തടഞ്ഞ് കോലക്കാരെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി.

ട്രസ്റ്റികളും സിപിഎമിലെ തന്നെ ഒരു വിഭാഗവും മറ്റ് കക്ഷികളിൽപ്പെട്ടവരുമാണ് ക്ഷേത്ര നടത്തിപ്പ് നിർവഹിച്ച് പോന്നിരുന്നത്. എന്നാൽ ഇതിനെതിരെ ജനകീയ സമിതി ഉണ്ടാക്കി സമിതിയുടെ നേതൃത്വത്തിൽ മാത്രമേ മുത്തപ്പൻ ക്ഷേത്രത്തിൽ പരിപാടി നടത്താൻ അനുവദിക്കുകയുള്ളുവെന്ന വാശിയിലായിരുന്നു ഒരു വിഭാഗം പ്രവർത്തകർ. പ്രശ്നത്തെ തുടർന്ന് ഒരു വിഭാഗം അകന്നത് കാരണം കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ സിപിഎം സ്ഥാനാർഥി തോൽവിയുടെ വക്കോളമെത്തിയിരുന്നു. ഇതിനൊടുവിലാണ് ഹൈകോടതി വിധിയുണ്ടായിരിക്കുന്നത്.


Keywords: News, Kerala, Kasaragod, Kanhangad, Padanna, CPM, Top-Headlines, High-Court, Court order, Theyyam, Police, COVID-19, Muthappan Theyyattam, Following High Court order, Muthappan Theyyattam held under heavy police security.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia