Tragedy | ആലപ്പുഴ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം; ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരം
● ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടം.
● പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊതുദര്‍ശനത്തിന് വയ്ക്കും.
● കാര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് വന്നിടിച്ചു.
● 15 ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു.
ആലപ്പുഴ: (KasargodVartha) കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ പോസ്റ്റുമോര്‍ട്ടം രാവിലെ 9 മണിയോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വിദ്യാര്‍ത്ഥികള്‍ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിനുശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.
ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍ (19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി പി മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്.
അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിഗമനം. കനത്ത മഴയില്‍ കാഴ്ച അവ്യക്തമായതും റോഡില്‍ വാഹനം തെന്നിയതുമാകാം അപകടത്തിന് കാരണമെന്നു കരുതുന്നതായി ആര്‍ടിഒ എ.കെ.ദിലു പറഞ്ഞു. ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്റെ ഉടമസ്ഥതയിലുള്ള ടവേര കാര്‍ വാടകയ്‌ക്കെടുത്തായിരുന്നു സംഘം യാത്ര ചെയ്തത്. ഓവര്‍ടേക്ക് ചെയ്യുന്ന സമയത്ത്, കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9.20ന് ആയിരുന്നു ദാരുണമായ അപകടം. വണ്ടാനത്തെ ഗവ.മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്ക് പോകുകയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു. 3 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റ് ആറു പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ കൃഷ്ണദേവ്, കൊല്ലം ചവറ വെളിത്തേടത്ത് മക്കത്തില്‍ മുഹസിന്‍ മുഹമ്മദ്, കൊല്ലം പോരുവഴി മുതുപ്പിലാക്കല്‍ കാര്‍ത്തികയില്‍ ആനന്ദ് മനു, എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മി ഭവനില്‍ ഗൗരി ശങ്കര്‍, എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജ്, തിരുവനന്തപുരം മരിയനാട് ഷെയ്ന്‍ ഡെന്‍സ്റ്റന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. എല്ലാവരും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 15 ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു.
#KeralaAccident #MedicalStudentDeath #CarCrash #HeavyRain #Alappuzha #IndiaNews
#AlappuzhaRoadAccident :
— Surya Reddy (@jsuryareddy) December 2, 2024
Five #MedicalStudents lost their lives, after collision of Car-Bus in #Alappuzha
Tragic, 5 #Medicos died, while 2 others sustained serious injuries, when the car they were traveling collided with a KSRTC bus at #Kalarcode, in #Alappuzha, #Kerala on… pic.twitter.com/nZkRRUI4r2