city-gold-ad-for-blogger
Aster MIMS 10/10/2023

Fish lorries | ഈ മീൻ വണ്ടിക്കാരിൽ നിന്നും കാത്തോളണേ തമ്പുരാനേ! കുതിച്ച് പായുമ്പോൾ അപകടങ്ങൾ തുടർക്കഥ

fish lorries cause road hazards

അമിത വേഗതയും തത്രപ്പാടും കാരണം നിരവധി അപകടങ്ങളാണ് പതിവായി നടക്കുന്നത്

കാസർകോട്: (KasaragodVartha) മീൻ ലോറികൾ സൃഷ്ടിക്കുന്ന അപകടങ്ങൾ തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ കുമ്പള ആരിക്കാടി കടവത്ത് യുവാവിന്റെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. ബന്ധുവിനൊപ്പം ബൈകിൽ പോകുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന മീൻ ലോറിയിടിച്ചാണ് കൊടിയമ്മ ചെപ്പിനടുക്കയിലെ അബ്ദുർ റഹ്‌മാൻ അശ്കർ (22) ദാരുണമായി മരണപ്പെട്ടത്.

മീൻ മിക്കവരുടെയും ഭക്ഷണത്തിന്റെ അവിവാജ്യ ഘടകമാണെങ്കിലും അതുകൊണ്ടുവരുന്ന ലോറികൾ ഉണ്ടാക്കുന്ന ഭീഷണികൾ ചെറുതല്ല. അമിത വേഗതയും തത്രപ്പാടും കാരണം നിരവധി അപകടങ്ങളാണ് പതിവായി നടക്കുന്നത്. മീൻ ലോറികൾ പലപ്പോഴും അനുവദനീയമായ വേഗപരിധി ലംഘിച്ച് കുതിച്ചോടുന്നു. മീൻ മോശമാകുന്നതിന് മുമ്പ് ലക്ഷ്യ സ്ഥാനത്തെത്തിക്കാനുള്ള ധൃതിയാണ് ഇതിന് പിന്നിൽ.

മിക്ക ലോറികളിലും യുവാക്കളെയാണ് ഡ്രൈവർമാരായി നിയോഗിക്കുന്നത്. വളരെ വേഗത്തിൽ വാഹനമോടിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് പറയുന്നത്. ലോറികൾ കുതിച്ചുപായുമ്പോൾ പെട്ടെന്ന് ബ്രേക് ചവിട്ടേണ്ടി വരാറുണ്ട്. ഇത് വലിയ അത്യാഹിതങ്ങൾക്ക് കാരണമാകുന്നു. വാഹനം നിയന്ത്രണം നഷ്ടപ്പെടുന്നതിനും വലിയ അപകടങ്ങൾക്കും ഇടയാക്കുന്നു.

ഇടുങ്ങിയ റോഡുകളിലൂടെ കടന്നുപോകുമ്പോഴും പലരും വേഗത കുറക്കാൻ തയ്യാറാകാറില്ല. മറ്റ് വാഹനങ്ങളെ അപകടകരമായ രീതിയിൽ മറികടന്നും അത്യാഹിതങ്ങൾ സൃഷ്ടിക്കുന്നു. രാത്രിയിലും പുലർച്ചെയുമാണ് മീൻ ലോറികൾ ഭൂരിഭാഗവും ഓടാറുള്ളത്. ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും ഒരുപരിധി വരെ അപകടങ്ങൾക്ക് വഴിവെക്കുന്നു.

fish lorries cause road hazards

മീൻ ലോറികളിൽ നിന്നുള്ള ദുർഗന്ധജലം റോഡിലേക്ക് നിർബാധം ഒഴുക്കിവിട്ട് കുതിച്ചുപായുന്നത് മറ്റൊരു ഗുരുതരമായ പ്രശ്‌നമാണ്. ഇരുചക്ര വാഹനങ്ങൾ ഇവയിൽ തെന്നിവീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്. മീൻ ലോറികളിൽ മലിനജലം ശേഖരിക്കുന്നതിനായി ടാങ്കുകൾ സ്ഥാപിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ പല മീൻ ലോറികളിലും ഇത്തരത്തിൽ ടാങ്കുകൾ ഇല്ല. ചിലതിൽ ചെറിയ ടാങ്കുകൾ മാത്രമാണുള്ളത്, അത് യാത്രയിലുടനീളം മുഴുവൻ മലിനജലം ശേഖരിക്കാൻ പര്യാപ്തമല്ല. യാത്രയുടെ ഇടയിൽ ടാങ്ക് നിറഞ്ഞു കവിഞ്ഞേക്കാം, ഇതുവഴി റോഡിലേക്ക് മലിനജലം ഒഴുകുന്നു.

ചിലർ ടാങ്കിലേക്ക് മലിനജലം ശേഖരിക്കുന്നതിന് പകരം അവയ്ക്കു താഴെ ടയറിന്റെ ട്യൂബ് ഘടിപ്പിച്ച് അതിൽ ദ്വാരമിട്ട് റോഡിലേക്ക് വെള്ളം ഒഴുക്കിവിടുന്ന സ്ഥിതിയുമുണ്ട്. മീൻ ലോറികളിൽ നിന്ന് റോഡിലേക്കൊഴുകുന്ന മലിനജലത്തിന്റെ ദുർഗന്ധം, ലോറി കടന്നുപോയാലും ദീർഘനേരം റോഡിലും പരിസരത്തും നിറഞ്ഞുനിൽക്കും. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തടക്കം ഇത്തരമൊരു സ്ഥിതി വിശേഷമുണ്ട്. കുത്തനെയുള്ള റോഡുകളിലൂടെ കടന്നുപോകുമ്പോൾ കൂടുതൽ മലിനജലം റോഡിലേക്കൊഴുകുന്നു.

മീൻ ലോറികൾക്കായി പ്രത്യേക വേഗപരിധി ഏർപ്പെടുത്തുകയും കർശനമായി പാലിക്കുകയും വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഓവർലോഡും കർശനമായി പരിശോധിക്കണം. അപകട സാധ്യത കൂടുതലുള്ള റോഡുകളിൽ നിശ്ചിത സമയങ്ങളിൽ മാത്രം ഇത്തരം ലോറികൾ ഓടിക്കാൻ അനുമതി നൽകുന്നതും നല്ലതാണെന്ന് അഭിപ്രായമുണ്ട്. മീൻ ലോറികളുടെ ഡ്രൈവർമാർക്ക് കൂടുതൽ അവബോധം നൽകേണ്ടതും പ്രധാനമാണ്. 

മലിനജലം സംഭരണ ടാങ്കുകളിൽ ശേഖരിച്ച് നിർദിഷ്ട സ്ഥലങ്ങളിൽ സംസ്കരിക്കണമെന്ന നിയമം നഗ്‌നമായി ലംഘിക്കുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. ഏത് നിമിഷവും അപകടത്തിനിടയാക്കാമെന്ന രീതിയിൽ മീൻ ലോറികൾ കുതിച്ചുപായുമ്പോൾ ഈ മീൻ വണ്ടിക്കാരിൽ നിന്നും കാത്തോളണേ തമ്പുരാനേ എന്ന പ്രാർഥനയിലാണ് മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽനട യാത്രക്കാരും കടന്നുപോകുന്നത്.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL