Wildlife Attack | വന്യജീവികൾ കാടിറങ്ങിയാൽ കഥകഴിയും; കേരളത്തിൽ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഭരണസമിതി യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയത് ചർച്ചയായി

● രാജ്യത്ത് ആദ്യമായി വന്യജീവികളെ വെടിവയ്ക്കാൻ തീരുമാനിച്ച പഞ്ചായത്ത്.
● 1971-ലെ വനം വന്യജീവി നിയമം ലംഘിച്ചാണ് പഞ്ചായത്തിൻ്റെ തീരുമാനം.
● ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് പഞ്ചായത്ത്.
● കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പഞ്ചായത്ത് തങ്ങളുടെ തീരുമാനം കൈമാറി.
കോഴിക്കോട്: (KasargodVartha) രാജ്യത്ത് തന്നെ ആദ്യമായിട്ട് കേരള സംസ്ഥാനത്ത് ഒരു ഗ്രാമ പഞ്ചായത്താണെങ്കിലും ധൈര്യത്തോടെ ഒരു തീരുമാനമെടുത്തു. കാട്ടിൽ നിന്ന് നാട്ടിലിറങ്ങുന്ന ആക്രമികളായ വന്യജീവികളെ കൊന്നുകളയാനുള്ള തീരുമാനം. കൊന്നൊടുക്കുന്ന വന്യജീവികളാണോ, കൊല്ലപ്പെടാൻ ബാക്കിയുള്ള മനുഷ്യരാണോ നിയമ സംവിധാനങ്ങൾക്ക് വിലപ്പെട്ടത് എന്നതിനുള്ള ഉത്തരമാണ് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് നൽകുന്ന സന്ദേശം. ഭൂമി വിസ്തൃതിയിൽ കേരളത്തിൽ മൂന്നാമത്തെ വലിയ ഗ്രാമപഞ്ചായത്താണ് ചക്കിട്ടപാറ എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരണം മുന്നിൽ കാണുന്നവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ' എന്ന്. ചോദ്യം മോഹൻലാലിന്റെ ഒരു സിനിമയിലുള്ളതാണെങ്കിലും ഇത് വിരൽ ചൂണ്ടുന്നത് ഭരണവർഗത്തോടും, നിയമ സംവിധാനങ്ങളോടും തന്നെയാണ്. അതുകൊണ്ടുതന്നെ ജീവിക്കാൻ മോഹമുള്ള ഒരുപറ്റം മനുഷ്യരാണ് രാജ്യത്തെ കാട്ടുനീതിക്കെതിരെ സംഘടിച്ച് അവസാന വഴി എന്ന നിലയിൽ ആക്രമികളായ വന്യജീവികളെ കൊല്ലാൻ ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളെയും വെടിവെച്ചു കൊല്ലാനാണ് ഗ്രാമപഞ്ചായത്ത് തീരുമാനം. നിയമവിരുദ്ധമാണെങ്കിലും ജനങ്ങളെ രക്ഷിക്കാൻ മറ്റൊരു വഴിയില്ലെന്നാണ് ന്യായം. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവുന്നില്ല, കൃഷി ചെയ്യാനും പറ്റുന്നില്ല, കുട്ടികളെ സ്കൂളിലേക്കും, മദ്രസയിലേക്കയക്കാനും സാധിക്കുന്നില്ല. ജനങ്ങൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കടുത്ത തീരുമാനമെടുക്കേണ്ടി വന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു.
ജനങ്ങളുടെ ജീവനും, സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കാട്ടിൽ നിന്ന് നാട്ടിലിറങ്ങുന്ന വന്യജീവികളെ 1971ലെ വനം വന്യജീവി നിയമത്തെ അവഗണിച്ച് വെടിവെച്ചുകൊല്ലാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിപിഎം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തത്. ഭരണ- പ്രതിപക്ഷ അംഗങ്ങളെല്ലാം ഈ തീരുമാനത്തോടൊപ്പം നിലകൊണ്ടു. തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറിനെ അറിയിക്കുകയും ചെയ്തു. 'വനാതിർത്തിയിലെ മനുഷ്യർ തടങ്കൽ പാളയത്തിൽ മരണം കാത്ത് കഴിയുന്നവരെ പോലെയായി ജീവിക്കുന്നു'. ഇത്തരമൊരു സാഹചര്യത്തിലാണ് ജനങ്ങൾക്കൊപ്പം നിന്ന് ചക്കിട്ടപാറ പഞ്ചായത്ത് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
2025 ഫെബ്രുവരിയിൽ മാത്രം സംസ്ഥാനത്ത് ഏഴുപേരെ ആന ചവിട്ടിക്കൊന്നു. ചക്കിട്ടപാറയിലുൾപ്പെടെ ആനയും,കടുവയും, പുലിയും,കാട്ടുപോത്തും, കാട്ടുപന്നിയും, കുരങ്ങുകളും,തെരുവ് നായ്ക്കളും നാട് കൈയേറി താണ്ഡവമാടുന്നു. സർക്കാറുകളാകട്ടെ കപട പരിസ്ഥിതി- മൃഗസ്നേഹികളുടെ തടവറയിലായതോടെയാണ് രാജ്യത്ത് ഒരു പഞ്ചായത്തെങ്കിലും ധീരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നാണ് നെറ്റിസൻസ് പറയുന്നത്. തീരുമാനത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
In a historic move, a Panchayat in Kerala decided to eliminate wild animals attacking local residents, defying wildlife conservation laws.
#WildlifeAttack #PanchayatDecision #KeralaNews #WildlifeProtection #HumanSafety #WildAnimals