Fireworks | വെടിക്കെട്ടില്ലാതെ ആഘോഷങ്ങളില്ല; അപകടങ്ങളും പെരുകുന്നു; നിയന്ത്രിക്കാൻ നടപടിയില്ലേ?

● കണ്ണൂർ, കൊയിലാണ്ടി എന്നിവിടങ്ങളിൽ അടുത്തിടെ വെടിക്കെട്ട് അപകടങ്ങൾ നടന്നു.
● ഫുട്ബോൾ ടൂർണമെന്റുകളിൽ പോലും സുരക്ഷയില്ലാതെ വെടിക്കെട്ട് നടത്തുന്നു.
● ആനകൾ വിരണ്ട് അപകടം ഉണ്ടാകുന്ന സംഭവങ്ങളും വർധിക്കുന്നു.
● ഹൈകോടതി നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി വേണം.
എം എ മൂസ
കണ്ണൂർ: (KasargodVartha) വെടിക്കെട്ട് മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കോടതി അർത്ഥശങ്കയില്ലാത്ത വിധം പറയുമ്പോഴും ആഘോഷങ്ങളിലെ വെടിക്കെട്ടിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഒരു കുറവുമില്ല. ഇപ്പോൾ പലയിടത്തും ഉത്സവങ്ങളിൽ അടക്കം വെടിക്കെട്ടുള്ള കാര്യം അധികൃതരെ അറിയിക്കാതെയാണ് വെടിക്കെട്ട് സംഘാടകർ നടത്തുന്നത്. പരാതി കിട്ടിയാൽ മാത്രം പൊലീസ് കേസെടുക്കും.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെടിക്കെട്ടില്ലാതെ തന്നെ കളിയാട്ട മഹോത്സവങ്ങളും മറ്റും മാതൃകാപരമായി നടന്നു വരുന്നുണ്ട്. വെടിക്കെട്ടിന് നീക്കിവെക്കുന്ന പണം ജീവകാരുണ്യ മേഖലയിൽ ചിലവഴിക്കാൻ ചില കമ്മിറ്റികൾ മുന്നോട്ടു വന്നിട്ടുമുണ്ട്. എന്നാൽ ഇതിനിടയിൽ ചിലർ വെടിക്കെട്ട് സംഘടിപ്പിക്കുന്നതും, വെടിക്കെട്ടിൽ ആനകൾ വിളറിപൂണ്ട് ഇടയുന്നതും അപകടങ്ങൾ വരുത്തിവെക്കുന്നതും നിത്യസംഭവവുമായി മാറി.
സംഘാടകർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ടെങ്കിലും വെടിക്കെട്ടിലെ മാനദണ്ഡങ്ങൾ പാലിക്കാൻ സംഘാടകർ ഇതുവരെ തയ്യാറായിട്ടില്ല. കേസാണെങ്കിൽ കരിമരുന്നുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന വകുപ്പ് മാത്രമേ ഇവർക്കെതിരെ ചുമത്തുന്നു. ഇത് എളുപ്പത്തിൽ ജാമ്യം കിട്ടാവുന്ന വകുപ്പുമാണ്.
കഴിഞ്ഞദിവസമാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട് കാവിൽ തിരയുത്സവത്തിനിടെ വെടിക്കെട്ട് നടത്തുമ്പോൾ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്ററ്. ഇവിടെയും പടക്കം ദിശ മാറി ആൾക്കൂട്ടത്തിനിടയിൽ പൊട്ടുകയായിരുന്നു. അതിനെ കുറച്ച് ദിവസം മുമ്പാണ് ഫുട്ബോൾ ഗ്രൗണ്ടിൽ പടക്കം ദിശ മാറി ഗാലറിയിൽ പതിച്ചുണ്ടായ അപകടം നടന്നത് .അമ്പതോളം പേർക്കാണ് ഇവിടെ പരിക്ക് പറ്റിയത്. ഫുട്ബോൾ ടൂർണമെന്റുകൾക്കിടയിൽ മൈതാനത്ത് പടക്കം പൊട്ടിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. പലപ്പോഴും സംഘാടകർ പടക്കം പൊട്ടിക്കുന്ന കാര്യം പൊലീസിനെ അറിയിക്കാറുമില്ല.
കൊയിലാണ്ടിയിൽ കഴിഞ്ഞാഴ്ചയാണ് ഉത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ ഫലമായി ആന വിരണ്ട് ചവിട്ടേറ്റ് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചത്. മൂന്ന് മാസം മുമ്പ് നീലേശ്വരത്ത് വെടിപ്പുര അപകടത്തിൽ മരിച്ചത് ആറു പേരാണ്. വെടിക്കെട്ട് മൂലമുള്ള അപകടങ്ങളും, ദുരന്തങ്ങളും സംസ്ഥാനത്ത് ആവർത്തിക്കുമ്പോഴും സംഘാടകർ യാതൊരു സുരക്ഷയും, മുൻകരുതലകളും ഇല്ലാതെയാണ് വെടിക്കെട്ട് അബദ്ധങ്ങൾ തുടരുന്നത്. കല്യാണം പോലുള്ള ആഘോഷങ്ങളിലും വലിയ രീതിയിലുള്ള വെടിക്കെട്ടുകൾ നടക്കുന്നുണ്ട്.
പലയിടത്തും ഇപ്പോഴും അലക്ഷ്യമായി ഉത്സവങ്ങളിലും മറ്റും വെടിക്കെട്ടുകൾ നടത്തുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശവും പൊലീസ് മുന്നറിയിപ്പൊന്നും സംഘാടകർ കേൾക്കുന്നില്ല. ഇനി പൊലീസിന് ഒരു മാർഗമേ ഉള്ളൂ, ഉത്സവവും, രാത്രിയുള്ള കളികളും മറ്റും സംഘടിപ്പിക്കുന്നിടത്ത് പൊലീസ് നിരീക്ഷണം ഉണ്ടാകണം. സുരക്ഷാ മാനദണ്ഡങ്ങൾ സംഘാടകർ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. സുരക്ഷ ഒരുക്കാതെയാണ് വെടിക്കെട്ടെങ്കിൽ തടയണം. അതിന് പൊലീസിന്റെ ഭാഗത്ത് നിന്ന് കർശനമായ നടപടികളാണ് ആവശ്യം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Despite court orders, accidents involving fireworks continue to rise, and organizers are not adhering to safety guidelines. Urgent steps are needed to control this.
#FireworksAccidents #SafetyConcerns #KeralaNews #FestivalAccidents #LawEnforcement #KasaragodNews