Fire | 'സിഗരറ്റ് വലിച്ച് കുറ്റി എറിഞ്ഞു'; പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം
വടക്കാഞ്ചേരി: (KasargodVartha) തൃശ്ശൂര്‍ വാഴക്കോട് (Thrissur Vazhakkod) പെട്രോള്‍ പമ്പില്‍ (Petrol Pump)തീപ്പിടിത്തം (Fire) . വന്‍ അപകടം (Accident) ഒഴിവായത് തലനാരിഴയ്ക്ക്. വാഴക്കോട് ഖാന്‍ പെട്രോള്‍ പമ്പില്‍ ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എച് പിയുടെ ഏജന്‍സിയാണ് (HP agency) ഇത്. തീ വളരെപ്പെട്ടെന്ന് തന്നെ അണയ്ക്കാനായതിനാല്‍ വലിയ ദുരന്തം ഒഴിവായതായി ഉടമ പറയുന്നു.
പമ്പില്‍ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍ പെട്രോള്‍ കലര്‍ന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തുന്ന ഈ വെള്ളം പമ്പിന് മുപ്പത് മീറ്റര്‍ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നില്‍ വെള്ളം ഒഴുകി ചെറിയ രീതിയില്‍ കുഴി രൂപപ്പെട്ട് കൂടുതല്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.
കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ആരോ സിഗരറ്റ് വലിച്ച് കുറ്റി വെള്ളത്തില്‍ എറിയുകയായിരുന്നുവെന്നും അങ്ങനെയാണ് തീ പടര്‍ന്നതെന്നുമാണ് കരുതുന്നതെന്ന് ഉടമ പറയുന്നു. വെള്ളത്തിലെ പെട്രോളിന് തീപ്പിടിച്ച് പമ്പിലേക്ക് എത്തുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധയില്‍പെടുകയും അണയ്ക്കുകയും ചെയ്തതോടെ വലിയ ദുരന്തം ഒഴിവായി. പമ്പില്‍ എത്തിയ ടാങ്കറിന്റെ ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു തീപ്പിടിത്തം. എന്നാല്‍, ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ പെട്ടെന്ന് തന്നെ ടാങ്കര്‍ പമ്പില്‍ നിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വാതക ഇന്ധന പമ്പും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വാഴക്കോട് വലിയ പറമ്പില്‍ നൗശാദിന്റെ പച്ചക്കറിക്കടയിലെ പച്ചക്കറി തീപ്പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. പമ്പിലേക്ക് പടര്‍ന്ന തീ വാല്‍വുകള്‍ക്ക് മുകളിലൂടെയും കത്തി. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന തീ അണച്ചതിനാല്‍ പ്രധാന ടാങ്കുകളിലേക്ക് പടര്‍ന്നില്ല.