Complaint | മാധ്യമപ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പും ബ്ലാക്ക് മെയിലിംഗും പണപ്പിരിവും നടത്തുന്ന തട്ടിക്കൂട്ട് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

● മാധ്യമ രംഗത്ത് പരിചയമില്ലാത്തവർ തട്ടിപ്പ് നടത്തുന്നു.
● വ്യവസായികളെയും നേതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നു.
● ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നു.
● വ്യാജ അസോസിയേഷനുകൾ ഉണ്ടാക്കി പണം പിരിക്കുന്നു.
● അംഗീകൃത മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുന്നു.
തിരുവനന്തപുരം: (KasargodVartha) കേരളത്തിലെ തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും മാധ്യമപ്രവര്‍ത്തനത്തിന്‍റെ മറവില്‍ ബ്ലാക്‌മെയിലിങ്ങും പണപ്പിരിവും നടത്തുന്നുവെന്ന പരാതിയുമായി സംസ്ഥാനത്തെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ രംഗത്ത്. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്ക് പരാതി നൽകി. വ്യാജ മാധ്യമങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ വ്യവസ്ഥാപിതമായ രീതിയില്‍ അന്തസോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത മാധ്യമസ്ഥാപനങ്ങള്‍ക്ക് പോലും മാനക്കേടുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. സ്വാര്‍ത്ഥ ലാഭത്തിനായി മാധ്യമ ധാര്‍മികതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നത്. മാധ്യമരംഗത്ത് അക്കാദമിക പരിജ്ഞാനമോ പരിചയമോ ഇല്ലാത്ത പലരും വെബ്സൈറ്റ് പോലുമില്ലാതെ ഫേസ്ബുക്ക് പേജിലൂടെയാണ് മാധ്യമങ്ങളെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നതെന്നും ഇത് തടയണമെന്നും കോം ഇന്ത്യയുടെ പരാതിയില്‍ ആവശ്യപ്പെട്ടു.
വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവരെ അവരുടെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സമീപിക്കുകയും അതിന്‍റെ പേരില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നതായി വ്യാപകമായ ആക്ഷേപങ്ങളുണ്ട്. അനധികൃത ഇടപാടുകളോ നിയമപ്രശ്നങ്ങളോ ഭയന്ന് പലരും ഈ കെണിയിൽ വീഴുന്നു. ഇവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമാകുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്ത് ഒരു മുന്‍ പരിചയവും ഇല്ലാതെയാണ് ഇവയില്‍ ബഹുഭൂരിപക്ഷം മീഡിയകളും പ്രവര്‍ത്തിക്കുന്നത്. വായനക്കാരില്ലെങ്കിലും ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ചില വ്യാജ മാധ്യമങ്ങള്‍ അസോസിയേഷനുകൾ രൂപീകരിച്ച് കൂട്ടായ പണപ്പിരിവുകളും നടത്തുന്നുണ്ട്. കഴിഞ്ഞ 4-5 വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരം ബ്ലാക്ക്മെയിലിംഗിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കോം ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇത്തരം തട്ടിപ്പുകൾ വ്യക്തികള്‍ക്ക് പണവും മാനസിക വിഷമവും ഉണ്ടാക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് വായനക്കാരുള്ള അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ, തട്ടിപ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ മുമ്പുണ്ടായ പരാതികൾ കൂടി പരിഗണിച്ച്, അവരുടെ പൂർവ്വകാല ചരിത്രം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നും കോം ഇന്ത്യയ്ക്കുവേണ്ടി പ്രസിഡന്‍റ് സാജ് കുര്യന്‍, സെക്രട്ടറി കെകെ ശ്രീജിത് എന്നിവര്‍ നൽകിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ജേണലിസം പഠിക്കാത്തവരും മാധ്യമപ്രവർത്തന പരിചയമില്ലാത്തവരുമാണ് സോഷ്യൽ മീഡിയ ഉപയോഗിച്ച് സ്വയം നവമാധ്യമ പ്രവര്‍ത്തകരെന്ന് ലേബൽ ചെയ്ത് തട്ടിപ്പ് നടത്തുന്നത്. ഈ തട്ടിപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുന്നതുവരെ നിയമപരമായി മുന്നോട്ട് പോകാൻ കോം ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഫെബ്രുവരി 20ന് എറണാകുളത്ത് ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനമെടുത്തത്. സംസ്ഥാന ട്രഷറർ കെ.കെ. ബിജ്‌നുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സാജ് കുര്യൻ, സെക്രട്ടറി കെ.കെ. ശ്രീജിത്ത്, മുന്‍ പ്രസിഡന്റും കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ഷാജൻ സ്കറിയ, ആര്‍ രതീഷ്, സോയിമോൻ എന്നിവര്‍ സംസാരിച്ചു.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
Com India has filed a complaint against fake online media outlets in Kerala, alleging blackmail and extortion. The complaint calls for strict action against these outlets, which operate without journalistic ethics and often have links to criminal elements. The organization also highlighted the damage these outlets cause to the credibility of legitimate online media.
#FakeMedia #OnlineFraud #KeralaNews #ComIndia #Blackmail #MediaEthics