Gold Seized | മിക്‌സിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ 21 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി: (www.kasargodvartha.com) കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ മിക്സിയുടെ മോടറിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്.
ഉദ്യോഗസ്ഥര്‍ പറയുന്നത്: മുഹമ്മദ് കഴിഞ്ഞ 20ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈതില്‍ നിന്ന് കൊച്ചിയിലെത്തിയത്. ചെക് ഇന്‍ ബാഗിന്റെ എക്‌സ്‌റേ പരിശോധയ്ക്കിടെ പുതിയ മിക്‌സി സംശയാസ്പദമായ രീതിയില്‍ കസ്റ്റംസ് കണ്ടെത്തി. മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചെങ്കിലും വീട്ടില്‍ ഓണത്തിന് സമ്മാനമായി നല്‍കാനാണ് മിക്‌സി വാങ്ങിയതെന്നും നാട്ടില്‍ വന്നിട്ട് വാങ്ങാന്‍ സമയമില്ലാത്തതിനാലാണ് കൊണ്ടുവന്നത് എന്നുമായിരുന്നു മറുപടി.
ചോദ്യം ചെയ്തപ്പോള്‍ 'പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂര്‍വം ദ്രോഹിക്കുന്നു' തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് മുഹമ്മദ് ദേഷ്യപ്പെടുകയും ചെയ്തു. സീല്‍ പൊട്ടിക്കാത്ത മിക്‌സിയാണെന്നും പരിശോധിച്ചിട്ട് തിരിച്ചുതരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മിക്‌സി വിട്ടുനല്‍കാന്‍ കസ്റ്റംസ് തയാറായില്ല. മുഹമ്മദിനെ അന്നു പോകാന്‍ കസ്റ്റംസ് അനുവദിച്ചെങ്കിലും മിക്‌സി പരിശോധനയ്ക്കുശേഷം തിരികെ നല്‍കാമെന്ന് അറിയിച്ചു.
പിന്നീട് കഴിഞ്ഞ ദിവസം മിക്‌സി അഴിച്ച് പരിശോധിച്ചപ്പോള്‍ മിക്‌സിയുടെ മോടറില്‍ ചുറ്റിയിരുന്നത് ചെമ്പ് പൂശിയ സ്വര്‍ണക്കമ്പികള്‍ ആണെന്നു കണ്ടെത്തി. 435 ഗ്രാം തൂക്കമുണ്ടായിരുന്ന കമ്പികളില്‍ നിന്ന് ചെമ്പ് നീക്കം ചെയ്തപ്പോള്‍ 423 ഗ്രാം സ്വര്‍ണം ലഭിച്ചു. മുഹമ്മദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Ernakulam, Gold, Seized, Nedumbassery, Customs, Kochi, Airport, Youth, Arrested, Ernakulam: Gold seized from Nedumbassery.