Incident | തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്
![Symbolic image of an elephant attacking people during a religious festival in Kerala](https://www.kasargodvartha.com/static/c1e/client/114096/uploaded/7b9826dcd15b88a2ee53d34925a7de2f.jpg?width=823&height=463&resizemode=4)
● പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്.
● ഒരാള്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്നു.
● മണിക്കൂറുകള്‍ക്ക് ശേഷം ആനയെ തളച്ചു.
മലപ്പുറം: (KasargodVartha) തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് 21 പേര്‍ക്ക് പരുക്കേറ്റു. മദമിളകിയ ആന സമീപത്തുണ്ടായിരുന്ന ഒരാളെ തുമ്പിക്കൈയിലെടുത്ത് തൂക്കി എറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ആന തൂക്കിയെടുത്ത് ജനകൂട്ടത്തിലേക്ക് എറിഞ്ഞയാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാള്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
എട്ടു ദിവസമായി തുടരുന്ന നേര്‍ച്ചയുടെ സമാപനത്തില്‍ വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് ആന ഇടഞ്ഞത്. ഇതിനിടെ പാപ്പാന്‍മാര്‍ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആന ഓടുന്നത് ഒഴിവാക്കാന്‍ പാപ്പാന് കഴിഞ്ഞതിനാലും ദുരന്തം വഴിമാറി. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ആനയെ തളച്ചത്.
#elephantattack #Kerala #India #festival #accident #wildlife #danger