KSEB | സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സര്‍വകാല കുതിപ്പില്‍; ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി കെ എസ് ഇ ബി
*ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത് ഈ മാസം 3ന്.
*ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് മുകളില്‍.
&കഴിഞ്ഞ ദിവസം വൈദ്യുതി ആവശ്യമായി വന്നത് 5364 മെഗാവാട്.
തിരുവനന്തപുരം: (KasargodVartha) ചൂട് കൂടിയതോടെ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗവും സര്‍വകാല കുതിപ്പിലെത്തി. ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. ശനിയാഴ്ചത്തെ (06.04.2024) ആകെ ഉപയോഗം 108.22 ദശലക്ഷം യൂനിറ്റെത്തി. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ 11 മണി വരെ 5364 മെഗാവാട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. പീക് ടൈമായ വൈകുന്നേരങ്ങളിലെ ആവശ്യകതയും റെകോര്‍ഡിലാണ്.
വൈദ്യുതി ഉപഭോഗം ഓരോ ദിവസവും കുതിക്കുകയാണ്. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പെടുത്തണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു.
ഉപയോഗം വര്‍ധിച്ചത് കെഎസ്ഇബിയെ ആശങ്കയിലാക്കുന്നു. ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി വാങ്ങാന്‍ കഴിയുന്നുണ്ടെങ്കിലും ഇത് ബോര്‍ഡിന്റെ പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ഫീഡറുകള്‍ ഓഫ് ആകുന്നതിനും വോള്‍ടേജ് ക്ഷാമത്തിനും ഇടയാക്കുന്നു. ജനങ്ങള്‍ സഹകരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പാദനവും കെഎസ്ഇബി വര്‍ധിപ്പിച്ചു.