city-gold-ad-for-blogger
Aster MIMS 10/10/2023

Director Siddhique | പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു; വിടവാങ്ങുന്നത് ഹാസ്യസിനിമകള്‍ക്ക് വേറിട്ട ശൈലി സമ്മാനിച്ച കലാകാരന്‍

കൊച്ചി: (www.kasargodvartha.com) പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് (69) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. 

ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. സംവിധായകന്‍ ബി ഉണ്ണി കൃഷ്ണനും സുഹൃത്തും സംവിധായകനുമായ ലാലും ചേര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മരണ വിവരം സ്ഥിരീകരിച്ചത്. സിദ്ദീഖിന്റെ മരണവിവരമറിഞ്ഞ് സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കയാണ്.

ബുധനാഴ്ച രാവിലെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനം നടത്തും. ഒമ്പതുമണി മുതല്‍ പൊതുദര്‍ശനം നടക്കുമെന്നാണ് അറിയുന്നത്.
പിന്നീട് വസതിയില്‍ എത്തിക്കും. സംസ്‌ക്കാരം വൈകിട്ട് ആറുമണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദില്‍ അടക്കം ചെയ്യും. 

ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദീഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു.

1956ല്‍ എറണാകുളം കലൂര്‍ ചര്‍ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തരുടെയും സൈനബയുടെയും മകനായാണ് സിദ്ദീഖിന്റെ ജനനം. കലൂര്‍ ഗവ. ഹൈസ്‌കൂള്‍, കളമശേരി സെന്റ് പോള്‍സ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.

1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദീഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദീഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. 

Director Siddhique | പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു; വിടവാങ്ങുന്നത് ഹാസ്യസിനിമകള്‍ക്ക് വേറിട്ട ശൈലി സമ്മാനിച്ച കലാകാരന്‍

ആറു വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദീഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദീഖ് സംവിധാന രംഗത്തുതന്നെ തുടര്‍ന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദീഖ് അണിഞ്ഞിരുന്നു.

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച് ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദിഖ് അണിഞ്ഞു.

വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കൊച്ചിയില്‍ മിമിക്രി വേദികളില്‍ സജീവമായിരുന്ന സിദ്ദീഖ് കലാഭവനിലും ഹരീശ്രീയിലും അംഗമായിരുന്നു. ഇതിനിടെ അന്‍സാര്‍ എന്ന സുഹൃത്താണ് ഫാസിലിന്റെ അടുത്തെത്തിച്ചത്. ഫാസിലിന്റെ സഹായികളായി 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ലാലിനൊപ്പമാണ് റാംജിറാവു സ്പീക്കിങ് ആലോചിച്ചതും വെള്ളിത്തിരയിലെത്തിച്ചു ചരിത്രമാക്കിയതും. സൗഹൃദങ്ങളുടെ കഥകളെ ചിരിയില്‍ പൊതിഞ്ഞെടുത്ത സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് 1994ല്‍ കാബൂളിവാലയോടെയാണ് അവസാനിച്ചത്.

സിദ്ദിഖും ലാലും ഒരുമിച്ചു ചെയ്ത പ്രശസ്ത സിനിമകള്‍

റാംജിറാവ് സ്പീക്കിങ്

ഇന്‍ ഹരിഹര്‍ നഗര്‍

ഗോഡ് ഫാദര്‍

വിയറ്റ്നാം കോളനി

കാബൂളിവാല

ലാല്‍ നിര്‍മിച്ച് സിദ്ദിഖ് സംവിധാനം ചെയ്ത സിനിമകള്‍

ഹിറ്റ്ലര്‍, ഫ്രണ്ട്സ്

Keywords:  Director Siddhique passed away, Kochi, News, Director Siddhique, Hospital, Treatment, Obituary, Media, Cinema, Actor, Mimicry, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia