Culture | യക്ഷഗാന കലാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട് രമേഷ് ഷെട്ടി ബായാർ; കീഴടക്കിയത് ആയിരക്കണക്കിന് വേദികൾ
● ആയിരക്കണക്കിന് ശിഷ്യരെ വളർത്തിയെടുത്തു.
● രാജ്യാന്തര തലത്തിൽ യക്ഷഗാനം പ്രചരിപ്പിച്ചു.
● യക്ഷഗാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക്.
● സ്ത്രീകൾക്കായി യക്ഷഗാന ട്രൂപ് ആരംഭിച്ചു.
● ഈ വർഷം ഫോക് ലോർ അകാഡമി അവാർഡ് ലഭിച്ചു.
ഉപ്പള: (KasargodVartha) യക്ഷഗാന കലാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട് തലയെടുപ്പോടെ നിൽക്കുകയാണ് ഉപ്പള ബായാറിലെ രമേഷ് ഷെട്ടി. രാജ്യത്തിനകത്തും അകത്തും പുറത്തും നൂറുകണക്കിന് വേദികളിൽ യക്ഷഗാനം അവതരിപ്പിച്ച് വേദികൾ കീഴടക്കിയ രമേഷ് ഷെട്ടിയോട് പിന്നിട്ട വഴികളെകുറിച്ച ചോദിക്കുമ്പോൾ നിറഞ്ഞ ചാരിതാർഥ്യമാണെന്നാണ് പുഞ്ചിരിയോടെയുള്ള മറുപടി.
1973 മുതൽ യക്ഷഗാന കലാരംഗത്ത് നിറസാന്നിധ്യമാണ് രമേഷ്. ഇദ്ദേഹത്തിന്റെ വീട് പോലും യക്ഷഗാന ക്ഷേത്രം എന്നാണ് അറിയുന്നത്. പിതാവ് ഐത്തപ്പ ഷെട്ടിയിൽ നിന്നാണ് യക്ഷഗാന കല സ്വായത്തമാക്കിയത്. വീട്ടിൽ നിന്ന് തന്നെയാണ് പല കുട്ടികൾക്കും യക്ഷഗാനം പഠിപ്പിച്ചു വരുന്നത്. മൂത്ത ജ്യേഷ്ഠൻ രഘുനാഥ ഷെട്ടിയും യക്ഷഗാന കലാകാരനാണ്. കുമ്പളയിലെ യക്ഷഗാന കുലപതി പാർത്ഥ സുബ്ബയിൽ നിന്നാണ് തന്റെ പിതാവിന് യക്ഷഗാനം പകർന്ന് കിട്ടിയതെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
യക്ഷഗാന കലാരൂപത്തെ പ്രൊഫഷണലായി വളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച കലാകാരനാണ് രമേഷ് ഷെട്ടി. ഇതിനകം ആയിരക്കണക്കിന് ശിഷ്യഗാണങ്ങളെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടമാണ്. രാമായണം, മഹാഭാരം തുടങ്ങിയ പുരാണ ഇതിഹാസ കഥകളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ബഹ്‌റൈനിൽ അഞ്ചുവർഷം പരിപാടി അവതരിപ്പിക്കാൻ ചെന്നിരുന്നു. അവിടെയുള്ള കുട്ടികൾക്ക് കല പകർന്ന് നൽകുകയും ചെയ്തിരുന്നു.
ദുബൈ, കുവൈറ്റ് തുടങ്ങി പല സ്ഥലങ്ങളിലും പരിപാടി അവതരിപ്പിച്ചിരുന്നു. ഇൻഡ്യയിൽ ഡൽഹി, മുംബൈ തുടങ്ങി പല സ്ഥലങ്ങളിലും പരിപാടി അവതരിപ്പിച്ചു. ആയിരത്തിലേറെ ശിഷ്യഗണങ്ങളുള്ള ഇദ്ദേഹം കർണാടകയിലെ സൂറത്കലിൽ 1989ൽ സ്ത്രീകൾക്ക് മാത്രമായി യക്ഷഗാനം പഠിപ്പിച്ച് സ്ത്രീകൾക്ക് മാത്രമായി യക്ഷഗാന ട്രൂപ് ഉണ്ടാക്കിയിരുന്നു. ഇന്ന് പലഭാഗങ്ങളിലും സ്ത്രീകളുടെ യക്ഷഗാന ട്രൂപ് നിലവിലുണ്ട്.
പണ്ട് കാലങ്ങളിൽ പുഴകളിൽ നിന്നും തോടുകളിൽ നിന്നും ശേഖരിക്കുന്ന കല്ലുകൾ ഉപയോഗിച്ചാണ് യക്ഷഗാനത്തിന് ചായം ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് പ്രകൃതിദത്തമായ രീതിയിൽ ഇഷ്ടം പോലെ നിറങ്ങൾ ലഭിക്കുന്നുണ്ട്. വെള്ളുത്ത നിറമായ സബേദ്, ഇങ്കാളിക്ക (ചുവപ്പ്), മഞ്ഞ, പച്ച നിറങ്ങൾ ചേർത്താണ് ചായമിടുന്നത്. യക്ഷഗാനത്തിന് ആരെയും ആകർഷിക്കുന്ന പ്രത്യേക വേഷവിധാനങ്ങളുണ്ട്. കഥാപാത്രത്തിന് അനുസരിച്ച് 12 മുതൽ 14 വരെ കലാകാരന്മാരാണ് യക്ഷഗാന കലാപരിപാടി അവതരിപ്പിക്കുന്നത്.
പണ്ടുകാലങ്ങളിൽ മണിക്കൂറുളോളമാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് കഥ ചുരുക്കി അവതരിപ്പിക്കുകയാണ് ചെയുന്നത്. പഠിച്ചെടുക്കാൻ ഏറെ വിഷമകരമാണ് ഈ കലാരൂപം. പാട്ടിലൂടെയും വാക്യങ്ങളിലൂടെയുമാണ് പരിപാടി മുന്നോട്ട് പോവുക. ഒട്ടേറെ അംഗീകാരങ്ങൾ ഈ യക്ഷഗാന കലാകാരനെ തേടിയെടുത്തിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ വെച്ച് മുഖ്യമന്ത്രിയിൽ നിന്നും മികച്ച യക്ഷഗാന കലാകാരനുള്ള ഫോക് ലോർ അകാഡമി അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
സ്കൂൾ കലോത്സവത്തിൽ യക്ഷഗാനം മത്സര ഇനമായതിനാൽ തിരുവനന്തപുരം, കൊല്ലം, പാലക്കാട് തുടങ്ങി പല ജില്ലകളിൽ നിന്നും സ്‌കൂളുകളുടെ ക്ഷണപ്രകാരം അവിടെ പോയി പരിശീലനം നൽകി ടീം ഒരുക്കാറുണ്ടെന്ന് രമേഷ് ഷെട്ടി കൂട്ടിച്ചേർത്തു. യക്ഷഗാന കലാപരിപാടികൾ അവതരിപ്പിക്കണമെങ്കിൽ 50,000 രുപയ്ക്ക് മുകളിലാണ് ചിലവ് വരുന്നത്. കർണാടകയിൽ എന്ത് പരിപാടികൾ ഉണ്ടെങ്കിലും യക്ഷഗാനം മുഖ്യ ഇനമായി അവതരിപ്പിക്കപ്പെടുന്നുണ്ട്.
#Yakshagana #KeralaCulture #IndianArt #FolkArt #RameshShetty #Tradition #Heritage #PerformanceArt