Dead | നിനച്ചിരിക്കാതെയുള്ള 10-ാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയയുടെ മരണത്തിന്റെ ഞെട്ടലില്‍ ബന്ധുക്കളും പ്രദേശവാസികളും; മൃതദേഹം സംസ്‌ക്കരിച്ചു
*മറ്റൊരു കുട്ടിയുമുണ്ടായിരുന്നുവെന്ന അഭ്യൂഹം തള്ളി പൊലീസ്
*രക്ഷിക്കാന്‍ കഴിയാത്തത് കടല്‍ ക്ഷോഭിച്ചിരുന്നതിനാല്‍
തിരുവനന്തപുരം: (KasargodVartha) 10-ാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയയുടെ മരണത്തിന്റെ ഞെട്ടലില്‍ ബന്ധുക്കളും പ്രദേശവാസികളും. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്ന ശ്രേയയുടെ മരണത്തിന്റെ കാരണം ആര്‍ക്കും അറിയുന്നുമില്ല. മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വഴക്ക് പറഞ്ഞ് ഫോണ്‍ വാങ്ങിവച്ചിരുന്നു. ഇതിനുശേഷം ശ്രേയയെ കാണാതാവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അരമണിക്കൂറിനുശേഷം ഇടവ വെറ്റക്കടയ്ക്ക് സമീപം കടലില്‍നിന്നും മൃതദേഹം കണ്ടെത്തിയത്. ശ്രേയയ്ക്കൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നുവെന്ന അഭ്യൂഹം ഉയര്‍ന്നെങ്കിലും അയിരൂര്‍ പൊലീസ് അത് നിഷേധിച്ചു.
പെണ്‍കുട്ടി ഒറ്റയ്ക്കാണ് വന്നതെന്നും തുടര്‍ന്ന് കടലിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരമെന്നും പൊലീസ് വ്യക്തമാക്കി. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ച് ചില മീന്‍പിടുത്ത തൊഴിലാളികള്‍ ശ്രേയയെ തടഞ്ഞിരുന്നു. എന്നാല്‍ കടലിനടുത്ത് തന്റെ മാതാപിതാക്കള്‍ ഉണ്ടെന്ന് അവരോട് പറഞ്ഞാണ് ശ്രേയ കടലിലേക്ക് ഇറങ്ങിയത്. പെണ്‍കുട്ടി കടലിലേക്കാണ് നടന്ന് നീങ്ങുന്നതെന്ന് വ്യക്തമായതോടെ അവര്‍ ഓടിച്ചെന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.
ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍ സാജന്‍ ബാബുവിന്റെയും സിബിയുടെയും മകളാണ് ശ്രേയ. ശ്രേയയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.