Resumption | ഡി ശില്‍പ ചുമതലയേറ്റു; തറവാട്ടിലേക്ക് വീണ്ടും കയറി വന്ന അനുഭവമെന്ന് ജില്ലാ പൊലീസ് മേധാവി കാസര്‍കോട് വാര്‍ത്തയോട്
കാസര്‍കോട്: (KasargodVartha) ഡി ശില്‍പ (D Shilpa) കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി (District Police Chief) ചുമതലയേറ്റു. നാലു വര്‍ഷത്തിന് ശേഷമാണ് ഡി ശില്‍പ തിരിച്ചെത്തിയിരിക്കുന്നത്.
ജില്ലാ പൊലീസ്, മേധാവിയായിരുന്ന പി ബിജോയില്‍ നിന്നും വെള്ളിയാഴ്ച രാവിലെ അവര്‍ സ്ഥാനം ഏറ്റെടുത്തു. ബിജോയി തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപലായി നിയമിതനായാണ് പോകുന്നത്.
2016 ബാച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി ശില്‍പ പൊലീസ് ഹെഡ്ക്വാര്‍ടേഴ്‌സില്‍ പ്രൊക്യൂര്‍മെന്റ് (സംഭരണം) അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നുമാണ് കാസര്‍കോട് പൊലീസ് മേധാവിയായി രണ്ടാം വട്ടം നിയമിക്കപ്പെട്ടത്.
ബെംഗ്‌ളൂറു എച് എസ് ആര്‍ ലേ ഔട് സ്വദേശിയായ ശില്‍പ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2020ല്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി മികച്ച സേവനം കാഴ്ചവെച്ച ശില്‍പ കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയായിരുന്നു.
പ്രൊബേഷന്റെ ഭാഗമായി കാസര്‍കോട് എഎസ്പിയായും ഏതാനും മാസം പ്രവര്‍ത്തിച്ചിരുന്നു. എ എസ് പി ആയിരിക്കെ കുറ്റാന്വേഷണ രംഗത്തും മികവ് തെളിയിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവിയായി ഒമ്പത് മാസത്തെ സേവനത്തിന് ശേഷമാണ് പി ബിജോയ് സ്ഥലം മാറിപോയത്.
തറവാട്ടിലേക്ക് തിരിച്ചെത്തിയ അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് ചുമതലയേറ്റം ശില്‍പ്പ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. ഉദ്യോഗസ്ഥരായ എല്ലാവരും അറിയുന്നവരാണെന്നത് സന്തോഷം പകരുന്നു.
ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് മേധാവി പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് നല്‍കുന്ന മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപകമാകുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ ബോധവല്‍ക്കരണം നടപ്പാക്കും.
കുട്ടികളില്‍ പോലും 'ജീവനൊടുക്കുന്ന വാസന' കണ്ടു വരുന്ന സാഹചര്യത്തില്‍ ഇതേ കുറിച്ച് വിശദമായി പഠിച്ച് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് ചീഫ് പറഞ്ഞു. ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി നടപടിയുമായി മുന്നോട്ട് പോകും.
#kasargod #police #districtpolicechief #dshilpa #kerala #lawenforcement #womeninleadership