Awareness | വയനാട് ദുരന്തം: പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവുമായി ആശിഷ് സൈകിളിൽ ഇൻഡ്യ മുഴുവൻ സഞ്ചരിക്കുന്നു; യാത്ര കാസർകോട് പിന്നിട്ടു
യാത്രാമധ്യേ പ്ലാസ്റ്റികുകളോ ചവറുകളോ കണ്ടാൽ അതെല്ലാം സുരക്ഷിത സ്ഥലത്ത് നീക്കം ചെയ്താണ് യാത്ര മുന്നോട്ട് പോകുന്നത്
കാസർകോട്: (KasargodVartha) വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 'പ്രകൃതിയെ സംരക്ഷിക്കുക, മനുഷ്യ ജീവൻ രക്ഷിക്കുക', എന്ന സന്ദേശവുമായി പയ്യന്നൂർ സ്വദേശി ആശിഷ് സൈകിളിൽ ഇൻഡ്യ മുഴുവൻ സഞ്ചരിക്കുന്നു. യാത്ര കാസർകോട് പിന്നിട്ടു. പ്രകൃതിയുടെ സംരക്ഷണം ഓരോരുത്തരും തങ്ങളുടെ കടമയായി കാണണമെന്നാണ് ആശിഷിൻ്റെ അഭ്യർഥന. ഈ ബോധം എല്ലാവരിലും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡ്യ മുഴുവൻ സഞ്ചരിക്കുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
ആശിഷ് കഴിഞ്ഞ ദിവസം പിലാത്തറയിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. ഒരു വർഷം കൊണ്ടാണ് യാത്ര അവസാനിക്കുന്നത് എന്ന് ആശിഷ് പറയുന്നു. നമുക്കിടയിൽ പ്രകൃതി ദുരന്തങ്ങൾ ദിനംപ്രതി കുടി വരികയാണെന്നും ഇതിന് പരിഹാരം കാണാൻ നാം തന്നെ മുന്നിട്ട് ഇറങ്ങണമെന്നും മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഉള്ള മറുപടിയാണ് പ്രകൃതി ദുരന്തമെന്നും യുവാവ് പറഞ്ഞു. ഒരു ദിവസം 40 കിലോമീറ്റർ യാത്ര ചെയ്ത് സുരക്ഷിത സ്ഥാനത്ത് വിശ്രമിക്കുമെന്ന് യുവാവ് കൂട്ടിച്ചേർത്തു.
ട്രാവൽ വ്‌ലോഗർ കുടിയാണ് ആശിഷ്. യുവാവിൻ്റെ ലക്ഷ്യം മനസിലാക്കി പിലാത്തറയിലെ ഒരു വ്യാപാര സ്ഥാപനം മൂന്നുമാസത്തേക്ക് യാത്രയുടെ മുഴുവൻ ചിലവുകളും വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. സൈകിൾ യാത്ര പിലാത്തറയിലെ വ്യാപാരി വിജയകുമാർ നെരൂർ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീദർശൻ, കെ കെ സുരേഷ്, ഷിബികുമാർ, വി പ്രമോദ് കുമാർ തുടങ്ങിയവർ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചവരിൽ ഉൾപ്പെടും. ഓടോമൊബൈൽ എൻജിനീയറായ ആശിഷ് കുറച്ച് മാസം ഒരു സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു യാത്രയെ കുറിച്ച് ചിന്തിച്ചത്.
സൂപർ മാർകറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയുടെ ഏക മകനണ് ഈ 21 കാരൻ. യാത്രാമധ്യേ പ്ലാസ്റ്റികുകളോ ചവറുകളോ കണ്ടാൽ അതെല്ലാം സുരക്ഷിത സ്ഥലത്ത് നീക്കം ചെയ്താണ് യാത്ര മുന്നോട്ട് പോകുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കണ്ടാൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അക്കാര്യം അധികൃതരെയും പൊതുജനങ്ങളെയും അറിയിക്കുമെന്നും യുവാവ് കൂട്ടിച്ചേർത്തു.
നേരത്തെ കേരളം മുഴുവൻ വ്യക്തമായ ലക്ഷ്യമില്ലാതെ ഒരു പട്ടികുട്ടിയെയും കൊണ്ട് സഞ്ചരിച്ചിരുന്നു എന്നും ഈ യാത്രയുടെ അനുഭവ സമ്പത്താണ് ഇൻഡ്യ മുഴുവൻ പ്രകൃതിയെ സംഭരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സഞ്ചരിക്കാൻ പ്രേരണയായതെന്ന് ആശിഷ് കാസർകോട് വാർത്തയോട് പറഞ്ഞു. മാസ്ക് വച്ച മുഖം മറച്ചുകൊണ്ടാണ് ആശിഷ് സംഞ്ചരിക്കുന്നത്. യാത്ര കഴിഞ്ഞാൽ മാത്രമേ തന്റെ മുഖം കാണിക്കൂവെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.
കാസർകോട് എത്തിയ ആശിഷിൻ്റ യാത്ര മധൂരിലാണ് ഞായറാഴ്ച സമാപിച്ചത്. തിങ്കളാഴ്ച രാവിലെ കാസർകോട് നിന്നും പുറപ്പെട്ടു. 10 ദിവസം കൊണ്ടാണ് യാത്ര കാസർകോട് കടന്നുപോകുന്നത്. കേരളം വിട്ടാൽ മറ്റു സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ കൂടെയാണ് യാത്ര.