Court Verdict | മത്സ്യവില്‍പ്പനയ്ക്കിടെ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ നാല് ബിജെപി -ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും

● തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ജെ വിമല്‍ ആണ് ശിക്ഷ വിധിച്ചത്
● ശിക്ഷിച്ചത് പ്രനു ബാബു, ആര്‍ വി നിധീഷ്, വി ഷിജില്‍, കെ ഉജേഷ് എന്നിവരെ
● 80,000 രൂപ വീതം പിഴയടക്കണം
● രാഷ്ട്രീയ വൈരാഗ്യം കാരണം കൊല നടത്തിയതെന്നാണ് പ്രൊസിക്യൂഷന്‍ വാദം
കണ്ണൂര്‍: (KasargodVartha) മത്സ്യവില്‍പ്പനയ്ക്കിടെ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ നാല് ബിജെപി -ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പിണറായിക്ക് സമീപം കാപ്പുമ്മലില്‍ മത്സ്യവില്‍പനയ്ക്കിടെ സിപിഎം പ്രവര്‍ത്തകന്‍ എരുവട്ടി കോമ്പിലെ സി അഷ് റഫിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി (4) ആണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ജെ വിമല്‍ ആണ് ജീവപര്യന്തം തടവിനും 80,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.
കുട്ടന്‍ എന്ന എം പ്രനു ബാബു (34), ടുട്ടു എന്ന ആര്‍ വി നിധീഷ് (36), ഷിജൂട്ടന്‍ എന്ന വി ഷിജില്‍ (35), ഉജി എന്ന കെ ഉജേഷ് (34) എന്നിവരെയാണ് ശിക്ഷിച്ചത്.
കൊലപാതകത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും വധശ്രമത്തിന് 307 വകുപ്പ് പ്രകാരം ഏഴു വര്‍ഷം തടവും 20,000 രൂപയും പരുക്കേല്‍പിച്ചതിന് 324 വകുപ്പ് പ്രകാരം രണ്ടു വര്‍ഷം തടവും 10,000 രൂപയും അന്യായമായി തടങ്കലില്‍വെച്ചതിന് 341 വകുപ്പ് പ്രകാരം ഒരുമാസം തടവിനുമാണ് പ്രതികളെ ശിക്ഷിച്ചത്. പിഴസംഖ്യ കൊല്ലപ്പെട്ട അഷ് റഫിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു.
കൊത്തന്‍ എന്ന എം ആര്‍ ശ്രീജിത്ത് (39), പി ബിനീഷ് (48) എന്നിവരെ കോടതി വെറുതെ വിട്ടു. എട്ടുപേര്‍ പ്രതികളായ കേസില്‍ ഏഴും എട്ടും പ്രതികളായ മാറോളി ഷിജിന്‍, എന്‍ പി സുജിത്ത് (29) എന്നിവര്‍ വിചാരണക്ക് മുന്‍പ് മരിച്ചിരുന്നു.
മത്സ്യവില്‍പനയ്ക്കിടെ കാപ്പുമ്മല്‍-സുബേദാര്‍ റോഡില്‍ 2011 മെയ് 19ന് രാവിലെ 9.30നാണ് അഷ് റഫിനെ ആക്രമിച്ചത് എന്നാണ് കേസ്. മൂന്നും നാലും പ്രതികളായ ഷിജില്‍, ഉജേഷ് എന്നിവര്‍ 'അവനെ കൊല്ലെടാ' എന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്, ഷിജിന്‍ എന്നിവര്‍ അഷ് റഫിനെ തടഞ്ഞുനിര്‍ത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനു ബാബു, എം ആര്‍ ശ്രീജിത്ത് എന്നിവര്‍ കത്തി, വാള്‍ എന്നിവ കൊണ്ടും രണ്ടാം പ്രതി ആര്‍വി നിധീഷ് മഴു ഉപയോഗിച്ചും വെട്ടിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
രാഷ്ട്രീയ വൈരാഗ്യം കാരണമാണ് പ്രതികള്‍ കൊല നടത്തിയതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു മത്സ്യവില്‍പ്പനക്കാരനായ അഷ്‌റഫ്.
#CPMMurderCase #BJPRSSVerdict #KeralaCourt #PoliticalViolence #AshrafMurder #KeralaCrimeNews