അത്യാധുനിക ജില്ലാ ഓഫീസുമായി സിപിഎം; 30,000 ചതുരശ്രയടിയില്‍ ബഹുനില കെട്ടിടം; ഡിസംബർ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Dec 20, 2021, 22:32 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2021) സിപിഎം ജില്ലാ കമിറ്റിയുടെ പുതിയ ഓഫീസ് വിദ്യാനഗര്‍ ചാലയിൽ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് 30,000 ചതുരശ്രയടിയില്‍ ബഹുനില കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. ഡിസംബർ 26 ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരും പങ്കെടുക്കും.
നാലുകോടിയോളം രൂപ ചിലവിട്ടാണ് നിർമാണം. കീഴ് ഘടകങ്ങൾ വഴി ഫൻഡ് ശേഖരണത്തിലൂടെയും സംഭാവനകൾ വഴിയുമാണ് പണം കണ്ടെത്തിയത്. പൂർണമായും ശീതീകരിച്ച ഓഫീസില്‍ സെക്രടറിക്കും ജില്ലാ സെക്രടറിയേറ്റ് അംഗങ്ങൾക്കും പ്രത്യേകം മുറികളുണ്ടാവും. വിശാലമായ സമ്മേളന ഹാൾ, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇ എം എസ് പഠന കേന്ദ്രത്തിനും മുറി ഒരുക്കിയിട്ടുണ്ട്. 100 കാറുകൾ നിർത്തിയിടാൻ പറ്റുന്ന പാർകിങ് സൗകര്യവും വൈഫൈയും സവിശേഷതയാണ്.
പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നതോടെ കേരളത്തിലെ തന്നെ ആധുനിക സംവിധാനങ്ങള്‍ ഉള്ളതും ഏറ്റവും വലുതുമായ പാർടി ഓഫീസായി സിപിഎം കാസര്‍കോട് ജില്ലാ കമിറ്റി ഓഫീസായ എകെജി മന്ദിരം മാറും. പുതിയ ഓഫീസ് ഉദ്‌ഘാടനത്തിൽ അണികളും ആവേശത്തിലാണ്.
Keywords: Kerala, News, Kasaragod, Top-Headlines, CPM, Political party, Office, Inauguration, Pinarayi-Vijayan, CPM district committee office ready to inauguration.
< !- START disable copy paste -->