CPM |'ചെറുവത്തൂരില്‍ തുടങ്ങിയ മദ്യശാല ഒരിടത്തേക്കും പോകില്ല; ഇവിടെ തന്നെ തുടരാന്‍ സിപിഎം എല്ലാ സാഹചര്യവും ഒരുക്കി കൊടുക്കും'; ബാറുടമയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ഏരിയ സെക്രടറി സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട്
Nov 27, 2023, 21:22 IST
ചെറുവത്തൂർ: (KasargodVartha) ആരംഭിച്ച് ഒറ്റ ദിവസം കൊണ്ട് പൂട്ടിയതിനെ തുടർന്ന് വിവാദത്തിലായ ചെറുവത്തൂരിലെ കൺസ്യൂമർ ഫെഡ് മദ്യശാലയെ സംബന്ധിച്ച് സിപിഎം ഏരിയാ സെക്രടറിയുടെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നു. ചെറുവത്തൂരിൽ തുടങ്ങിയ മദ്യശാല ഒരിടത്തേക്കും പോകില്ലെന്നും ഇവിടെ തന്നെ തുടരാന്‍ സിപിഎം എല്ലാ സാഹചര്യവും ഒരുക്കി കൊടുക്കുമെന്നും പാർടി ചെറുവത്തൂർ ഏരിയാ സെക്രടറി കെ സുധാകരൻ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
മദ്യശാല പൂട്ടിയതുമായി ബന്ധപ്പെട്ട് ബാറുടമയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ഒരു ഇടപെടലും ബാറുടമയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഏരിയാ സെക്രടറി പറഞ്ഞു. ബാറുകളുള്ള എത്രയോ സ്ഥലത്ത് ബിവറേജ് മദ്യശാലകൾ ഉള്ളതായും അദ്ദേഹം ഓർമിപ്പിച്ചു. പ്രദേശികമായ ചില പ്രശ്നങ്ങളാണ് മദ്യശാല പൂട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സർകാരിൻ്റെ ഒരു മദ്യശാല തുടങ്ങുന്നതിനും പുട്ടുന്നതിനും സിപിഎമുമായി ബന്ധമില്ല. പ്രാദേശികമായ വിഷയം പരിഹരിച്ച് മദ്യശാല തുടങ്ങുന്നതായിരുന്നു നല്ലത്. അനുയോജ്യമായ ഏത് സ്ഥലത്തും മദ്യശാല തുടങ്ങുന്നതിന് പാർടി എതിരില്ല. ഇപ്പോഴത്തെ സ്ഥലത്തോ ചെറുവത്തൂരിലെ മറ്റേതെങ്കിലും സ്ഥലത്തോ സൗകര്യം ഒരുക്കി കൊടുക്കാൻ പാർടി ശ്രമിക്കുമെന്നും ഏരിയാ സെക്രടറി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ചെറുവത്തൂരിൽ ആരംഭിച്ച കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപനശാല പിറ്റേദിവസം തന്നെ പൂട്ടിയതിനുപിന്നിൽ ലക്ഷങ്ങളുടെ കോഴ ഇടപാടാണെന്ന ആരോപണം ഉയർന്നിരുന്നു. ചെറുവത്തൂരിലെ ബാർ ഉടമയും പാർടിയിലെ ഉന്നതനും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് സർകാരിനും പാർടി നിയന്ത്രണത്തിലുള്ള കൺസ്യൂമർ ഫെഡിനും ലക്ഷങ്ങളുടെ വരുമാനം ലഭിക്കേണ്ടിയിരുന്ന മദ്യശാല തുറന്നതിലും വേഗത്തിൽ പൂട്ടുന്നതിനും കാരണമെന്നായിരുന്നു ആരോപണം.
ഓടോറിക്ഷ തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, വ്യാപാരികൾ എന്നിവരെല്ലാം മദ്യശാല തുറക്കുന്നതിന് അനുകൂലമായിരുന്നു. ആക്ഷൻ കമിറ്റി രൂപവത്കരിക്കുകയോ ജനങ്ങൾ പ്രത്യക്ഷ സമരത്തിനിറങ്ങുകയോ ചെയ്യാതിരുന്നിട്ടും മദ്യശാല പൂട്ടിയതാണ് ആരോപണങ്ങൾക്ക് ശക്തി പകർന്നത്. ഒറ്റ ദിവസം തന്നെ ഒമ്പതര ലക്ഷം രൂപയുടെ കച്ചവടമാണ് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ നടന്നത്. ആ ദിവസം സ്വകാര്യ ബാറിൽ കച്ചവടം കുത്തനെ കുറഞ്ഞതായും ആരോപണം ഉന്നയിക്കുന്നവർ പറയുന്നു.
എക്സൈസ് വകുപ്പ് ആവശ്യപ്പെട്ട ദേശീയപാതയുടെ സ്കെച് അടക്കം കൺസ്യൂമർ ഫെഡ് സമർപിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് മദ്യശാല തുറന്നതെന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡായതിനാൻ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ ഇത് പരിഹരിക്കാൻ വിൽപന കൗണ്ടറുകൾ കെട്ടിടത്തിന്റെ പിന്നാമ്പുറത്ത് സ്ഥാപിച്ചതയും അധികൃതർ പറയുന്നു. പാർകിങ് സൗകര്യം ഉൾപെടെ ഒരുക്കുകയും ചെയ്തിരുന്നു. സമീപവാസിയുടെ സമ്മതപത്രം അടക്കം എക്സൈസിൽ ഹാജരാക്കിയിരുന്നുവെന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു.
എന്നിട്ടും മദ്യശാല അടപ്പിച്ചതെന്തിനാണെന്നാണ് ചുമട്ട് തൊഴിലാളികളും ഓടോറിക്ഷ ഡ്രൈവർമാരും വ്യാപാരികളും ചോദിക്കുന്നത്. മദ്യശാല വന്നാൽ എല്ലാവർക്കും അതിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ ദിവസം ചേർന്ന സി ഐ ടി യു യോഗത്തിൽ ചുമട്ട് തൊഴിലാളികൾ ശക്തമായ പ്രതികരണവുമായാണ് രംഗത്ത് വന്നത്. 10 ദിവസത്തെ സാവകാശം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിയാണ് ഇക്കാര്യത്താൽ സിപിഎമിൻ്റെ വ്യക്തമായ അഭിപ്രായം ഏരിയാ സെക്രടറിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Liquor Shop, Consumer Fed, Cheruvathur, Malayalam News, CPM