സുരക്ഷയെ ബാധിക്കുന്ന വാഹന മോഡിഫിക്കേഷൻ അനുവദിക്കില്ല; 100 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ
● വാഹന മോഡിഫിക്കേഷനിൽ ഉപാധികളോടെ മാത്രം അനുമതി.
● ടിപ്പർ ലോറികൾക്കെതിരെ കർശന നടപടി; പെർമിറ്റ് റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.
● സമയനിയന്ത്രണത്തേക്കാൾ നിയമലംഘനത്തിന് നടപടിയാണ് പ്രധാനം.
● അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും.
● മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനത്തിന് പൂർണ്ണ പിന്തുണ.
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി സി പി ജോൺ വ്യക്തമാക്കി. സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വർധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ 100 ദിവസത്തിനുള്ളിൽ ചില കാര്യങ്ങൾ ചെയ്യാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഇഷ്ടാനുസരണം രൂപമാറ്റം വരുത്തുന്നത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഈ പുതിയ തീരുമാനം.
മോഡിഫിക്കേഷന് പിഴ വരും
‘മിതമായ രീതിയിലുള്ള പരിഷ്കരണങ്ങൾ വാഹനങ്ങളിൽ ആകാം. എന്നാൽ ശബ്ദവും വെളിച്ചവും പുറത്തേക്ക് വരുന്ന തരത്തിലുള്ളതും, തീ പറത്തുന്ന തരത്തിലുള്ളതുമായ അപകടകരമായ പരിഷ്കരണങ്ങൾ പാടില്ല. മോഡിഫിക്കേഷനുകൾ നടത്തുന്നവർ സ്വന്തമായി ഒരു പരിധി നിശ്ചയിക്കേണ്ടതുണ്ടെ’ന്നും മന്ത്രി പറഞ്ഞു. ‘നിയമലംഘനങ്ങളിൽ വലുത് ചെറുത് എന്ന് നോക്കാൻ കഴിയില്ലെന്നും, മോഡിഫിക്കേഷന് ചുമത്തേണ്ട പിഴകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ’ എന്നും സി പി ജോൺ അറിയിച്ചു. യുവതലമുറക്കിടയിൽ ഇത്തരം അപകടകരമായ വാഹന പരിഷ്കാരങ്ങൾ വ്യാപകമാകുന്നതായി മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു.
ടിപ്പറുകൾക്കെതിരെ നടപടി
കൊല്ലം കൊട്ടാരക്കരയിൽ ടിപ്പർ ലോറി അപകടത്തിൽ സ്കൂൾ വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായ സംഭവത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് നടപടികളിലേക്ക് കടക്കും. ടിപ്പർ ലോറികൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുന്നതിലും ഫലപ്രദം പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിൽ അപകടം നടന്നത് ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത സമയത്താണ്. രണ്ടോ മൂന്നോ മണിക്കൂർ അധികമായി നിയന്ത്രണം ഏർപ്പെടുത്തിയാൽ അവർ ബാക്കി കിട്ടുന്ന സമയത്ത് ഇപ്പോഴത്തേതിലും മരണപ്പാച്ചിലാവും നടത്തുകയെന്നും, അത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുകയേ ഉള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. പകരം ഇത്തരം നിയമലംഘനങ്ങൾക്ക് നടപടികൾ എടുക്കാനാണ് തീരുമാനം. ഡ്രൈവർമാർ സ്വയം നിയന്ത്രിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങൾ പൂർണമായും ഒഴിവാക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. സമയക്രമം പാലിക്കുന്നതിനൊപ്പം തന്നെ അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെയും പരിശോധന കർശനമാക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം.
മദ്യനയത്തിൽ എതിർപ്പില്ല
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് യാതൊരു എതിർപ്പും അറിയിച്ചിട്ടില്ലെന്നും സി പി ജോൺ കൂട്ടിച്ചേർത്തു. തങ്ങൾ ഇപ്പോൾ കാബിനറ്റിൻ്റെ ഭാഗമാണ്, അതുകൊണ്ട് തന്നെ വ്യത്യസ്തമായ അഭിപ്രായമില്ല. മുഖ്യമന്ത്രി വി ഡി സതീശൻ എന്താണോ പറഞ്ഞത്, അതുതന്നെയാണ് ശരിയെന്നും മന്ത്രി വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പ്രതിപക്ഷം വിമർശനങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ ഈ വിശദീകരണം.
കേരളത്തിലെ വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Transport Minister C.P. John stated that conditional vehicle modifications will be permitted within 100 days. He also warned of actions like permit cancellation against reckless tippers and clarified his support for CM V.D. Satheesan's liquor policy.
#VehicleModification #KeralaMVD #TransportMinister #CPJohn #TipperAccidents #VDSatheesan #AnjuNews






