Criticism | കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ യാത്രയയപ്പ് സമ്മേളനത്തിന് കലക്ടർ ക്ഷണിച്ചിരുന്നോ? ഉത്തരം ഇങ്ങനെ
● ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചുവോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ല.
● നവീൻ ബാബുവിന്റെ മരണത്തിൽ സംശയങ്ങൾ നിലനിൽക്കുന്നു, സമഗ്ര അന്വേഷണം ആവശ്യം.
കണ്ണൂർ: (KasargodVartha) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ ദുരൂഹ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊടുമ്പിരികൊള്ളുകയാണ്.. നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കലക്ടർ പറയുന്നതനുസരിച്ച്, യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല, ജില്ലാ പഞ്ചായത്ത് സ്റ്റാഫ് കൗൺസിലാണെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ച കത്തിൽ കുറ്റസമ്മതമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടത്തുന്ന അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കലക്ടർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നെന്നും, കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികരിക്കുന്നതിൽ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കലക്ടർ തയ്യാറായില്ല. എങ്കിലും താൻ ക്ഷണിച്ചിട്ടില്ലെന്ന സൂചനയാണ് നൽകിയത്. പ്രോട്ടോക്കോൾ ലംഘനമാകുമെന്നതിനാലാണ് ദിവ്യയെ തടയാതിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കലക്ടറുടെ ഈ വിശദീകരണം പല വിഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ സംശയങ്ങൾ നിലനിൽക്കുന്നതിനാൽ, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കലക്ടറുടെ പങ്ക് സംശയാസ്പദമാണെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുരർന്നിട്ടുണ്ട്.
#Kannur #DistrictCollector #NaveenBabu #Controversy #Investigation #PublicOutrage