KP Viswanathan | മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ അന്തരിച്ചു
തൃശൂർ: (KasargodVartha) മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥൻ (83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1991 മുതൽ 1994 വരെ കെ കരുണാകരൻ മന്ത്രിസഭയിലും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർകാരിലുമായി രണ്ടുതവണ വനം വകുപ്പ് മന്ത്രിയായിരുന്നു. ആറുതവണ എംഎൽഎയായും തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്.
തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ - പാറുക്കുട്ടി ദമ്പതികളുട മകനായി 1940 ഏപ്രിൽ 22നായിരുന്നു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ കോളജിൽനിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയാണ്. യൂത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1967 മുതല്‍ 1970 വരെ യൂത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.
1977ലും 1980ലും കുന്നംകുളത്ത് നിന്നും 1987, 1991, 1996, 2001 വർഷങ്ങളിൽ കൊടകരയിൽ നിന്നുമാണ് എംഎൽഎയായത്. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെപിസിസി എക്സിക്യൂടീവ് അംഗം, തൃശൂർ ഡിസിസി സെക്രടറി, കോൺഗ്രസ് പാർലമെന്ററി പാർടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ, കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് യൂണിയൻ മാനജിങ് കമിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ, ഡയറക്ടർ എന്നിങ്ങനെ പദവികൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കുകയായിരുന്നു.
Kewords: Congress, Leader, Kp Viswanathan, Thrissur, Icu, Elaction, President, Kunagulam,Kerala News, Malayalam News, Congress leader KP Viswanathan passed away