അഡ്വ. സി.കെ. ശ്രീധരനെതിരെയുള്ള പ്രതിഷേധം ലീഗിന്റെ വീഴ്ച മറക്കാനെന്ന് കോണ്‍ഗ്രസ്
Nov 14, 2012, 22:14 IST
![]() |
| Advt. C K. Sreedaran |
കൊല നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പ്രമാദമായ ഈ കൊലക്കേസില്‍ ഒരു സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വെക്കാന്‍ പോലും ലീഗ് നേതൃത്വമോ, യൂത്ത് ലിഗ് നേതൃത്വമോ ശ്രമിച്ചിട്ടില്ല. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായി കഴിവുതെളിയിച്ച അഡ്വ. സി.എന്‍. ഇബ്രാഹിമിനെപോലുള്ള അഭിഭാഷക കേസരികള്‍ ലീഗ് നേതൃത്വത്തിലുണ്ടായിട്ടും അസ്ഹറിന്റെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ ലീഗ് നേതൃത്വത്തിന് കഴിയാതെ പോയത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ മുറുമുറുപ്പിന് കാരണമായിട്ടുണ്ടെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു. കക്ഷി രാഷ്ട്രീയം നോക്കാതെ നിരവധി കേസുകള്‍ വാദിച്ച അഡ്വ. സി.കെ. ശ്രീധരന് ഒട്ടേറെ കേസുകളില്‍ ലീഗിനുവേണ്ടി ഹാജരായിട്ടുണ്ടെങ്കിലും ഇതുമറന്ന് ഇപ്പോള്‍ അദ്ദേഹത്തെ ബി.ജെ.പിയുടെ ചാരനെന്ന് വിളിക്കുന്നത് കടുത്ത അപരാധമാണെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ പൊതു അഭിപ്രായമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അസ്ഹറിന്റെ കേസില്‍ അഡ്വ. സി.കെ. ശ്രീധരനെ പോലുള്ള പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ ലീഗ് നേതൃത്വമാണ് മുന്‍കൈ എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതൊന്നും നടത്താതെ ഇപ്പോള്‍ പ്രതിഭാഗത്തിനുവേണ്ടി അദ്ദേഹം ഹാജരാകുമ്പോള്‍ എതിര്‍പുമായി രംഗത്തുവരുന്നത് വിലകുറഞ്ഞ രാഷ്ട്രീയ കളിയാണെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. തളിപ്പറമ്പിലെ ലീഗ് പ്രവര്ത്തകന് ഷുക്കൂര്‍ വധക്കേസില്‍ ലീഗ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത് അഡ്വ. സി.കെ. ശ്രീധരനെയാണ്.
ലീഗ് നേതാവ് സീതി ഹാജിയുടെ മകന് പി.കെ. ബഷീര്‍ എം.എല്‍.എ. പ്രതിയാക്കപ്പെട്ട പ്രമാദമായ മലപ്പുറം കുനിയില്‍ ഇരട്ടകൊലക്കേസില്‍ ബഷീര്‍ ഉള്പെടെയുള്ളവര്ക്കുവേണ്ടി കോടതിയില്‍ ഹാജരായത് സി.കെ. ശ്രീധരനാണ്. തലശ്ശേരിയില്‍ ബി.ജെ.പി.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കൊലക്കേസടക്കമുള്ള പ്രമാദമായ പല കേസുകളിലും സി.കെ. ശ്രീധരന് സി.പി.എം. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹാജരായിട്ടുണ്ട്. ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതികളായ ചൂരിയിലെ റിഷാദ് വധക്കേസില്‍ വാദിഭാഗത്തിനുവേണ്ടി കോടതിയില്‍ ഹാജരായതും സി.കെ. ശ്രീധരനാണ്.
വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര് കക്ഷികളായ കൊലക്കേസില്‍പോലും അഡ്വ. സി.കെ. ശ്രീധരന് ഹാജരായിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ നിര്‍ദേശപ്രകാരം മൂന്ന് ലീഗ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കുവേണ്ടി ഹാജരാകുന്നതും സി.കെ. ശ്രീധരനാണ്. വിചാരണ തുടങ്ങി അടുത്തുതന്നെ വിധി പുറപ്പെടുവിക്കാന്‍ ഇരിക്കുമ്പോഴാണ് അസ്ഹര്‍ കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ രംഗത്തിറക്കി ലീഗ് നേതൃത്വം പ്രതിഷേധം പ്രകടിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഒറ്റപ്പെട്ട ഒരു കേസിന്റെ പേരില്‍ ശ്രീധരനെ രാഷ്ട്രീയമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും പോസ്റ്ററും പ്രതിഷേധ പ്രകടനവും നടത്തി തേജോവധം ചെയ്യുന്നത് ലീഗ് ജില്ലാ നേതൃത്വം തടയാതെ നോക്കിനിന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിച്ചിട്ടുണ്ട്. പരസ്യമായി ലീഗിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടില്ലെങ്കിലും യൂ.ഡി.എഫ് യോഗത്തില്‍ പ്രശ്നം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുകയാണ്.
വരുന്ന കക്ഷികളുടെ രാഷ്ട്രീയം നോക്കിയല്ല കേസ് ഏറ്റെടുക്കുന്നതെന്ന് അഡ്വ. സി.കെ. ശ്രീധരന് പ്രതിഷേധത്തെകുറിച്ച് പ്രതികരിച്ചു. ഒരു കേസില്‍ വക്കാലത്ത് ഏറ്റെടുത്തുകഴിഞ്ഞാല്‍ ആരുപറഞ്ഞാലും അതില്‍നിന്ന് പിന്മാറിലെന്നും അങ്ങനെചെയ്താല്‍ വക്കീല്‍ പണിയുടെ ക്രഡിബിലിറ്റി നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തെകുറിച്ച് ഒന്നുംപറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പലപ്പോഴും തന്റെ ജൂനിയര്‍മാരാണ് കേസുകളില്‍ വക്കാലത്ത് ഏറ്റെടുക്കാറുള്ളത്. കേസ് വിചാരണയ്ക്കടുക്കുമ്പോള് മാത്രമേ കേസ് എന്താണെന്നും അതിനെകുറിച്ച് പഠിക്കാറുള്ളുവെന്നും ശ്രീധരന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Related News :
ബി.ജെ.പിക്കാര്ക്കുവേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത്; വിവാദം പുകയുന്നു
Keywords: Kasaragod, Muslim Youth League, Muslim-league, Congress, Bank, Case, Court, Kerala, Advt. C.K. Sreedaran







