Complaint | പെൺകുട്ടികൾക്കും സ്ത്രീകൾക്കും പേടിസ്വപ്നം; വൃദ്ധൻ ചെയ്യുന്നത് ഇങ്ങനെ! സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് അനങ്ങുന്നില്ലെന്ന് ആക്ഷേപം
Dec 4, 2023, 17:46 IST
കുമ്പള: (KasargodVartha) നടപ്പാതയിലൂടെ നടക്കുകയും കടകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ത്രീകളെയും വിദ്യാർഥിനികളായ പെൺകുട്ടികളെയും തടവി വിടുന്ന വൃദ്ധൻ പേടിസ്വപ്നമായി മാറുന്നതായി പരാതി. ഇയാളുടെ ചെയ്തികൾ സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. വൃദ്ധനെ പേടിച്ച് ടൗണിലൂടെ നടക്കാൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി.
കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ ഒരു വിദ്യാർഥിനി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതോടെയാണ് സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിയത്. വനിതാ പൊലീസിനോടാണ് പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചത്. 70 വയസ് തോന്നിക്കുന്ന ഒരാളാണ് നഗരത്തിലൂടെ നടക്കുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും പേടിസ്വപ്നമായി മാറിയത്.
സ്‌കൂൾ വിട്ട് ടൗണിലൂടെ നടന്ന് പോകുമ്പോൾ പെൺകുട്ടികളുടെ അരികിലെത്തി ശരീരത്തിൽ തടവുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം. ഇയാളുടെ ശല്യം കാരണം നാണക്കേട് ഓർത്ത് പലരും പരാതി പറയാൻ മെനക്കെടുന്നില്ല. വിദ്യാർഥിനി വനിതാ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊഗ്രാലിൽ എത്തി വിവിധ കടകളിലെ സിസിടിവി കാമറകൾ പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്നും ഇയാൾ നടത്തുന്ന കൈക്രിയകൾ പൊലീസിന് ബോധ്യപ്പെട്ടിരുന്നു.
എന്നിട്ടും പൊലീസ് ഇതേകുറിച്ച് ഒരു അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത് . പൊലീസിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇയാൾ എവിടത്തെകാരനാണെന്നും എവിടെയാണ് താമസമെന്നും വ്യക്തമല്ല. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പല കുട്ടികളും പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Keywords: Kasaragod, Kasaragod News, Kerala, Complaints, Student, Women, Police, Investigation, School, Kumbla, Complaints of misbehavior to students and women.