Appeal | വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിതള്ളണമെന്ന് മുഖ്യമന്ത്രി
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്.
ഒരു സംസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ ഈ ദുരന്തത്തില്‍ അനേകായിരം കുടുംബങ്ങളാണ് ഒറ്റനിമിഷം കൊണ്ട് ഒന്നുമില്ലാത്തവരായി തീര്‍ന്നത്
തിരുവനന്തപുരം: (KasargodVartha) വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ഒരു സംസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ ഈ ദുരന്തത്തില്‍ അനേകായിരം കുടുംബങ്ങളാണ് ഒറ്റനിമിഷം കൊണ്ട് ഒന്നുമില്ലാത്തവരായി തീര്‍ന്നത്. ദുരന്ത ബാധിതരില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവരാണ് ഭൂരിഭാഗം. അതേസമയം ദുരന്തത്തില്‍ കൃഷിഭൂമി ഒലിച്ചു പോവുകയും, ഭൂമിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്തു. വിദ്യാഭ്യാസം, വീട്, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുത്തവരാണ് ഭൂരിഭാഗം.
ഈ ദുരന്തബാധിതര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതിയാണ്. അവര്‍ ഇപ്പോള്‍ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. ബാങ്കുകള്‍ക്ക് ഇത് ഒരു ചെറിയ സഹായമായിരിക്കും, എന്നാല്‍ ദുരിതബാധിതര്‍ക്ക് ഇത് ഒരു വലിയ ആശ്വാസമായിരിക്കും.
ഇതില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട വ്യക്തികളുണ്ട് എന്നത് കാണാതെ പോകരുത്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം അവരുടെ ആകെ സാമ്പത്തിക ഇടപാടിന്റെ തുച്ഛമായ ഭാഗം മാത്രമായിരിക്കും ഈ ഇടപെടലിന്റെ ഭാഗമായി കുറവു വരുന്നത്. സാധാരണ ഘട്ടങ്ങളില്‍ എഴുതിതള്ളുന്ന വായ്പ ഗവണ്‍മെന്റ് തിരിച്ചടക്കുന്ന സമീപനത്തിന് പ്രതീക്ഷിക്കാതെ, ബാങ്കുകള്‍ സ്വന്തം നിലയില്‍ ദുരിതാശ്വാസ സഹായങ്ങള്‍ക്ക് ഒപ്പം നില്‍ക്കണം എന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ആദ്യഘട്ടത്തില്‍ പതിനായിരം രൂപ ബാങ്കുകള്‍ വഴി നല്‍കി. ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് ചൂരല്‍മലയിലെ ഗ്രാമീണ്‍ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ഘട്ടങ്ങളില്‍ യാന്ത്രികമായ സമീപനം ബാങ്കുകള്‍ സ്വീകരിക്കരുത്. റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ വായ്പ എഴുതിത്തള്ളുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരന്തബാധിതരെ മാതൃകാപരമായി പുനരധിവസിപ്പിക്കുന്നതില്‍ രാജ്യവും ലോകവും സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സാഹചര്യവും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
#KeralaFloods #Wayanad #LoanWaiver #NaturalDisaster #HumanitarianAid #BankLoans #FinancialRelief #CMPinarayiVijayan