ചെറുവത്തൂർ സിപിഎമ്മിൽ അഴിച്ചുപണി: മാധവൻ മണിയറ പുറത്ത്, കെ ബാലകൃഷ്ണൻ പുതിയ ഏരിയാ സെക്രട്ടറി

● കെ. ബാലകൃഷ്ണൻ ബാലസംഘം ജില്ലാ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം തുടങ്ങി.
● മാധവൻ മണിയറക്കെതിരെ സ്വത്ത് വിവാദം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
● കൺസ്യൂമർഫെഡ് മദ്യശാലാ വിവാദം പാർട്ടിക്കെതിരെ പ്രതിഷേധത്തിനിടയാക്കി.
● ലോക്സഭാ തെരഞ്ഞെടുപ്പിൽ ചെറുവത്തൂരിൽ വലിയ വോട്ട് ചോർച്ചയുണ്ടായി.
ചെറുവത്തൂർ: (KasargodVartha) സിപിഎമ്മിൽ പ്രാദേശിക തലത്തിൽ മാസങ്ങളായി നിലനിന്നിരുന്ന വിഭാഗീയതയ്ക്ക് വിരാമമിട്ട്, ചെറുവത്തൂർ ഏരിയാ സെക്രട്ടറിയായിരുന്ന മാധവൻ മണിയറയെ സ്ഥാനത്തുനിന്ന് നീക്കി പുതിയ സെക്രട്ടറിയെ നിയമിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മാധവൻ മണിയറയെയാണ് സിപിഎം ചെറുവത്തൂർ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ചെറുവത്തൂർ ഏരിയാ കമ്മിറ്റി യോഗമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ജനാർദ്ദനൻ, ജില്ലാ കമ്മിറ്റി അംഗം രജീഷ് വെള്ളാട്ട് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
മാധവൻ മണിയറയ്ക്ക് പകരം ചീമേനി കരക്കാട്ടെ കെ. ബാലകൃഷ്ണനെ (48) പുതിയ ചെറുവത്തൂർ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുതിർന്ന ഏരിയാ കമ്മിറ്റി അംഗം കയനി കുഞ്ഞിക്കണ്ണനോട് ഏരിയാ സെക്രട്ടറി പദം ഏറ്റെടുക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് വിവരം
ബാലസംഘം ജില്ലാ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച കെ. ബാലകൃഷ്ണൻ, ഡി.വൈ.എഫ്.ഐ ചെറുവത്തൂർ ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചുവരികയാണ് അദ്ദേഹം.
മാധവൻ മണിയറയ്ക്കെതിരെ സ്വത്ത് വിവാദം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. അന്വേഷണ കമ്മീഷൻ മാധവൻ മണിയറയ്ക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയിരുന്നുവെങ്കിലും, വിഭാഗീയത രൂക്ഷമായതിനാലാണ് പാർട്ടി പദവിയിൽ നിന്ന് നീക്കാൻ തീരുമാനിച്ചത്.
വിഷയം നേരത്തേ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചർച്ച ചെയ്ത് മാധവൻ മണിയറയെ നീക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേച്ചൊല്ലി ജില്ലാ കമ്മിറ്റിയിൽ വാക്കുതർക്കങ്ങൾ നടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, പാർട്ടിക്ക് മാധ്യമ റിപ്പോർട്ടുകളെ തള്ളി പ്രസ്താവന ഇറക്കേണ്ടിയും വന്നിരുന്നു.
ചെറുവത്തൂരിൽ കൺസ്യൂമർഫെഡിന്റെ മദ്യശാല തുറക്കുകയും അതേ ദിവസം തന്നെ അടച്ചുപൂട്ടുകയും ചെയ്തത് പാർട്ടിക്കെതിരെ അനുഭാവികളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചെറുവത്തൂർ പഞ്ചായത്തിൽ വലിയ വോട്ട് ചോർച്ചയ്ക്ക് കാരണമായതും പാർട്ടി വിലയിരുത്തിയിരുന്നു. ജില്ലാ - സംസ്ഥാന സമ്മേളനങ്ങളിൽ വരെ ഈ വിഷയം ചർച്ചയായിരുന്നു.
സംസ്ഥാന നേതൃത്വത്തിന് പോലും തലവേദനയായ വിഷയമായിരുന്നു ചെറുവത്തൂരിലെ വിവാദ മദ്യശാലാ പ്രശ്നം. ഇപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങൾ പാർട്ടിക്ക് ഒരു പ്രശ്നമായി നിലനിൽക്കുന്നുണ്ട്. ചെറുവത്തൂരിൽ ചേർന്ന പാർട്ടി വിശദീകരണ യോഗത്തിൽ, മദ്യശാല ചെറുവത്തൂരിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് തുറക്കുമെന്ന് അന്നത്തെ ജില്ലാ സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചതാണ്. എന്നാൽ ഇന്നും അത് നടപ്പായിട്ടില്ല.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: CPM Cheruvathur reshuffle: Madhavan Maniyara out, K Balakrishnan new secretary.
#CPMKerala #Cheruvathur #PoliticalNews #KeralaPolitics #LeadershipChange #LocalNews