Train | ശ്രദ്ധിക്കുക: തിരുവനന്തപുരം - കുര്‍ള നേത്രാവതി, മത്സ്യഗന്ധ എക്‌സ്പ്രസ് ട്രെയിനുകളുടെ സർവീസിൽ ജൂൺ 30 മുതൽ മാറ്റം; ഒരു മാസക്കാലം പന്‍വേലിലേക്കും തിരിച്ചും
ലോകമാന്യ തിലക് ടെർമിനലിലെ യാർഡ് ഫിറ്റ് ലൈനിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം
കാസർകോട്: (KasaragodVartha) തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോകമാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ജൂണ്‍ 30 മുതൽ ഒരുമാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ലോകമാന്യ തിലക് ടെർമിനലിലെ യാർഡ് ഫിറ്റ് ലൈനിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരം സെൻട്രൽ - ലോകമാന്യ തിലക് ടെർമിനൽ (16346) നേത്രാവതി എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ലോകമാന്യ തിലക് ടെർമിനലിന് പകരം തിരുവനന്തപുരം സെൻട്രൽ (16345) നേത്രാവതി എക്‌സ്പ്രസ് ജൂലൈ ഒന്ന് മുതല്‍ 30 വരെ പൻവേൽ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും.
കൂടാതെ മംഗ്ളുറു സെന്‍ട്രലില്‍ നിന്നുള്ള മത്സ്യഗന്ധ എക്‌സ്പ്രസിന്റെ സർവീസിലും മാറ്റമുണ്ട്. മംഗ്ളുറു സെൻട്രൽ - ലോകമാന്യ തിലക് ടെർമിനൽ (12620) മത്സ്യഗന്ധ എക്സ്പ്രസ് ജൂണ്‍ 30 മുതല്‍ ജൂലൈ 30 വരെ പൻവേൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ലോകമാന്യ തിലക് ടെർമിനൽ - മംഗ്ളുറു സെൻട്രൽ (12619) മത്സ്യഗന്ധ എക്സ്പ്രസ് ജൂലൈ ഒന്ന് മുതല്‍ 30 വരെ ദിവസവും വൈകിട്ട് 4.25ന് പൻവേൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു.