Sand Mining | ഗുജറാത്ത് ലോബിയെ ലക്ഷ്യമിട്ട് കടൽ മണൽ കൊള്ളയ്ക്ക് കേന്ദ്രസർക്കാർ: എതിർപ്പുമായി കേരള സർക്കാരും, മത്സ്യത്തൊഴിലാളികളും

● മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്.
● തീരദേശ ഹർത്താലിന് ആഹ്വാനം.
● ഖനനം തീരത്തിന് വൻ ആഘാതം ഏൽപ്പിക്കും.
● മത്സ്യബന്ധനത്തിന് നാശം സംഭവിക്കും.
കൊല്ലം: (KasargodVartha) നേരത്തെ തന്നെ കേന്ദ്രം നടപ്പിലാക്കാൻ ശ്രമിച്ച് എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട കടൽ മണൽ ഖനന പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമങ്ങളുമായി കേന്ദ്രസർക്കാർ. മത്സ്യബന്ധന മേഖലയിൽ വലിയ ആശങ്കയ്ക്കും, അസ്വസ്ഥതയ്ക്കും ഈ തീരുമാനം വഴിവെച്ചിരിക്കുകയാണ്. ഇതിനോടകം മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഫെബ്രുവരി 27ന് തീരദേശ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയിൽ വലിയ സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഖനനം തീരത്തിന് വൻതോതിലുള്ള ആഘാതം ഏൽപ്പിക്കുമെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്. മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുമെന്നും, മത്സ്യബന്ധനത്തിന് വൻതോതിലുള്ള നാശം സംഭവിക്കുമെന്നും അവർ പറയുന്നു. ഖനനം തൊഴിലും, ജീവിതമാർഗവും നഷ്ടപ്പെടുത്തുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
കേരളത്തിലെ മൂന്ന് ബ്ലോക്കുകളിൽ നിന്നാണ് നിർമ്മാണാവശ്യങ്ങൾക്കുള്ള കടൽ മണൽ ഖനനത്തിന് കേന്ദ്രസർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. കൊല്ലം വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായും, 3300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന കൊല്ലം പരപ്പിൽ നിന്നായിരിക്കും ഖനനം നടത്തുക. ഇവിടെ നിന്ന് 100.33 ദശലക്ഷം ടൺ മണലാണ് ഊറ്റിയെടുക്കുക. മറ്റു രണ്ട് ബ്ലോക്കുകളിൽ നിന്നായി ശരാശരി 100.64, 101.54 ദശലക്ഷം ടൺ മണലും ഖനനം ചെയ്യും.
കടൽ മണൽ ഖനനവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ സംസ്ഥാന സർക്കാരുമായി വേണ്ട രീതിയിൽ ആശയവിനിമയം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഖനനത്തെ അനുകൂലിക്കുന്നില്ലെന്നും ഇത് മത്സ്യ സമ്പത്തിനെ ബാധിക്കുമെന്നുമാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. പ്രതിപക്ഷവും ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്.
കഴിഞ്ഞമാസം (ജനുവരി) 11, 12 തീയതികളിലായി എറണാകുളം റിനൈ ഹോട്ടലിൽ നടന്ന ശില്പശാലയിലാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ അറിയിപ്പുണ്ടായത്. ഈ മാസം 17 വരെ കടൽ മണൽ ഖനനത്തിന് താല്പര്യമുള്ള കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് മേഖലയിലെ ചില കമ്പനികളാണ് താൽപര്യം അറിയിച്ചു മുന്നോട്ടു വന്നിട്ടുള്ളത്. ഈ മാസം 27ന് ഇലക്ട്രോണിക് സംവിധാനം വഴി ടെണ്ടർ നടപടികൾ പൂർത്തിയാക്കും.
വെളുത്ത മണലിന്റെ മുകളിലായി 1.2 മീറ്റർ കനത്തിലുള്ള ചെളിയും, അവശിഷ്ടങ്ങളും അടങ്ങുന്ന മേൽമണ്ണ് നീക്കിയാണ് വെളുത്ത മണൽ പുറത്തെടുത്ത് ഖനനം നടത്തുക. ഇത് സൃഷ്ടിക്കുന്ന കലക്കൽ, പുറത്തുവരുന്ന വിഷവാതകങ്ങൾ, ഖനന ലോഹങ്ങൾ ഇതെല്ലാം മത്സ്യ മേഖലയെയാണ് പ്രതികൂലമായി ബാധിക്കുക. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കൊല്ലം തീരദേശത്ത് വലിയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Kerala's fishing community protests against the central government's offshore sand mining project, warning it will damage marine life and their livelihoods.
#SandMining #FishermenProtest #KeralaNews #CoastalEnvironment #GovernmentOpposition #MarineLife