ചെങ്കളയില്‍ ഉപതെരഞ്ഞെടുപ്പിനിടെ ലീഗ് - സി പി എം സംഘര്‍ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; സി പി എം - ലീഗ് നേതാക്കള്‍ക്കും യാത്രക്കാര്‍ക്കും പോലീസുകാര്‍ക്കും പരിക്ക്
Mar 5, 2016, 19:02 IST
ചെര്‍ക്കള: (www.kasargodvartha.com 05/03/2016) ചെങ്കള പഞ്ചായത്തിലെ 13-ാം വാര്‍ഡായ ചെര്ക്കളള വെസ്റ്റില്‍ ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിനിടെ ലീഗ് - സി പി എം സംഘര്‍ഷം. തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. സി പി എം ബൂത്ത് ഏജന്റായ ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം അബ്ദുര്‍ റഹ്മാന് ധന്യവാദ് (40), ഏരിയ കമ്മിറ്റി അംഗം ടി എം എ കരീം, കെ രവീന്ദ്രന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പോലീസ് മര്‍ദനത്തില്‍ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ചെര്‍ക്കളയിലെ അബ്ദുല്‍ ഖാദറിന് പരിക്കേറ്റിട്ടുണ്ട്. വോട്ട്ചെയ്യാനെത്തിയ ഒരാള്‍ക്ക് തിരിച്ചറിയല്‍ കാര്ഡില്ലെന്നതിന്റെപേരിലാണ് പ്രശ്നം ഉടലെടുത്തത്. ഇതേതുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ അബ്ദുര്‍ റഹ്മാനെ മര്‍ദിച്ചുവെന്നാണ് പരാതി. പിന്നീട് വിവരമറിഞ്ഞ് ചെര്ക്കളയിലെത്തിയ കരീമിനേയും രവീന്ദ്രനേയും കയ്യേറ്റംചെയ്യുകയും മര്‍ദിക്കുകയായിരുന്നുവത്രെ. ഇതിനിടയില്‍ ഇരുവിഭാഗങ്ങള്‍തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് ശാഖാ പ്രസിഡന്റിനെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചതായി ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വനിതാ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് വോട്ടുചെയ്യാനെത്തിയ സ്ത്രീകളെപോലും ദ്രോഹിച്ചതായും ലീഗ് നേതാക്കള്‍ പറയുന്നു. പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സി പി എം പ്രവര്‍ത്തകരെ ചെങ്കള നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ചില പോലീസുകാര്‍ വ്യാപകമായി ചെര്‍ക്കള ടൗണില്‍ അഴിഞ്ഞാടിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ബൈക്ക് യാത്രക്കാരെയും വഴിയാത്രക്കാരെപോലും പോലീസ് ഓടിച്ചിട്ടടിച്ചതായാണ് പരാതി. അക്രമത്തിനിടെ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതിനിടെ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍കൊണ്ടുവന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ പോലീസ് കേസിലെ പ്രതിയാണെന്ന് പറഞ്ഞ് ബലംപ്രയോഗിച്ച് ആശുപത്രിയില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചതും ജനറല്‍ ആശുപത്രി പരിസരത്ത് സംഘര്‍ഷത്തിനിടയാക്കി.
ലീഗ് നേതാക്കളായ സി ടി അഹ്മദ് അലി, എന്‍ എ നെല്ലിക്കുന്ന്, മാഹിന്‍കേളോട്ട്, മൂസ ബി ചെര്‍ക്കള എന്നിവര്‍ എത്തി പ്രവര്‍ത്തകരെ സമാധാനിപ്പിച്ചു. പിന്നീട് പോലീസ് അബ്ദുല്‍ ഖാദറിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് ജീപ്പില്‍വെച്ചും സ്റ്റേഷനില്‍വെച്ചും തന്നെ ക്രൂരമായി പോലീസ് മര്‍ദിച്ചതായി അബ്ദുല്‍ ഖാദര്‍ ലീഗ് നേതാക്കളോട് പറഞ്ഞിരുന്നു.
Keywords: By election, Kasaragod, Cherkala, Clash in Chengala, Muslim League, CPM, Police













