city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Fest | വിനോദവും വിജ്ഞാനവും കലാപരിപാടികളുമായി ബേക്കലിൽ ഇനി ആഘോഷത്തിന്റെ നാളുകൾ; ബീച് ഫെസ്റ്റിന് 22ന് തിരിതെളിയും; വിസ്മയിപ്പിക്കാൻ കടലോരം, ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോട്: (KasargodVartha) ബേക്കല്‍ അന്താരാഷ്‌ട്ര ബീച് ഫെസ്റ്റിന്റെ രണ്ടാംപതിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പള്ളിക്കര ബേക്കല്‍ ബീച് പാര്‍കില്‍ ഡിസംബര്‍ 22ന് സമാരംഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ മഹോത്സവങ്ങളിലൊന്നായ ബീച് ഫെസ്റ്റ് ഡിസംബര്‍ 31ന് രാത്രി പുതുവര്‍ഷത്തെ വരവേറ്റ് പര്യവസാനിക്കും. കേരളത്തിലെ വിനോദസഞ്ചാര സാംസ്‌കാരിക ചരിത്രത്തില്‍ ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞ ഒന്നാം ബീച് ഫെസ്റ്റിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ രണ്ടാം ബീച് ഫെസ്റ്റിന് ബേക്കല്‍ കടലോരം സാക്ഷ്യം വഹിക്കുന്നത്.
 
Bekal Fest | വിനോദവും വിജ്ഞാനവും കലാപരിപാടികളുമായി ബേക്കലിൽ ഇനി ആഘോഷത്തിന്റെ നാളുകൾ; ബീച് ഫെസ്റ്റിന് 22ന് തിരിതെളിയും; വിസ്മയിപ്പിക്കാൻ കടലോരം, ഒരുക്കങ്ങൾ പൂർത്തിയായി



ഫെസ്റ്റ് വിജയകരമാക്കാന്‍ അതിവിപുലമായ സംഘാടന പ്രവര്‍ത്തനങ്ങളാണ് ജില്ലയൊട്ടുക്കും നടന്നുവരുന്നത്. മുന്‍വര്‍ഷത്തെ ഫെസ്റ്റിനെ അപേക്ഷിച്ച് പരിപാടികള്‍ മികവുറ്റതും കുറ്റമറ്റതുമാക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടന്നുവരുന്നത്. സുരക്ഷിതത്വത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വാഹനങ്ങളുടെ പാര്‍കിങ്ങിനും പരിപാടികള്‍ കാണാനെത്തുന്ന ജനങ്ങള്‍ക്ക്, യാത്രാ സൗകര്യങ്ങളുമുള്‍പ്പെടെയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബേക്കല്‍ ഫോര്‍ട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകളുടെ സ്‌പെഷ്യല്‍ സ്റ്റോപുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ കെഎസ്ആര്‍ടിസി-സ്വകാര്യബസ് സ്‌പെഷ്യല്‍ സര്‍വീസുകളുമുണ്ടായിരിക്കും.
 
Bekal Fest | വിനോദവും വിജ്ഞാനവും കലാപരിപാടികളുമായി ബേക്കലിൽ ഇനി ആഘോഷത്തിന്റെ നാളുകൾ; ബീച് ഫെസ്റ്റിന് 22ന് തിരിതെളിയും; വിസ്മയിപ്പിക്കാൻ കടലോരം, ഒരുക്കങ്ങൾ പൂർത്തിയായി



കേരളീയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറികഴിഞ്ഞ കുടുംബശ്രീ ജില്ലാമിഷന്‍ ഈ ഫെസ്റ്റിന്റെ വിജയത്തിന് മുമ്പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയൊട്ടുക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന

ടികറ്റുകള്‍ വില്‍പന നടത്തിവരുന്നുണ്ട്. ഇതിനുപുറമെ മഹോത്സവനഗരിയിലെ പ്രത്യേക കൗണ്ടറുകളിലൂടെയുള്ള ടികറ്റ് വില്‍പനയും കുടുംബശ്രീ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിന് 30 ഓളം ടികറ്റ് കൗണ്ടറുകള്‍ ബീച് പാര്‍കിന്റെ പ്രവേശനകവാടത്തിന് സമീപം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബീച് പാര്‍കിലേക്ക് കടന്നുവരാന്‍ 30 ഓളം പ്രവേശനവഴികളും സജ്ജമാക്കിയിട്ടുണ്ട്.
ശുചീകരണത്തിന് അതിവിപുലമായ സന്നാഹങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇ-ടോയ്‌ലറ്റും, മൂത്രപ്പുരകളും, വിശ്രമകേന്ദ്രങ്ങളും പാര്‍കിലുണ്ടാകും. ഫെസ്റ്റിവല്‍ നടക്കുന്ന 10 ദിവസവും ജില്ലയിലെ ഹരിതകര്‍മസേനാ വോളന്റീയർമാർ ശുചിത്വ പരിപാലനത്തിനുണ്ടാകും. വാഹന പാര്‍കിങ്ങിനായി 25 ഏകറോളം സ്ഥലം നീക്കിവെച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി അവതാര്‍ പണ്ടോറ ഇല്ല്യൂഷന്‍ ഉത്സവ നഗരിയിലെ മുഖ്യ ആകര്‍ഷണമായിരിക്കും. കൂടാതെ ജെറ്റ് സ്‌കൈ, ബനാന റൈഡ്, സ്പീഡ് ബോട്, ബംബര്‍ റൈഡ്, 12ഡി സ്‌ക്രീനിംഗ്, വി ആര്‍ ഷോസ്, ലൈറ്റ് ഷോ, മ്യൂസികല്‍ വാടര്‍ ഫൗണ്ടെന്‍, റോക് ക്ലൈംബിംഗ്, സിപ് ലൈന്‍, ഫ്‌ലോടിംഗ് ബ്രിഡ്ജ്, ജെയിന്റ് വീല്‍, ഫുഡ് കോര്‍ട് ആൻഡ് റസ്റ്റോറന്റ്‌സ്, 25000 ചതുരശ്ര അടിയില്‍ എയര്‍കണ്ടീഷന്‍ഡ് പവലിയനുകള്‍, വിപണന മേളകള്‍, ഷോപിംഗ് സ്ട്രീറ്റുകള്‍ എന്നിവയുമുണ്ടായിരിക്കും.

കേരളത്തില്‍ ആദ്യമായി പാരാ സെയിലിംഗ് (പാരച്യൂട്) സജ്ജമാക്കിക്കൊണ്ടാണ് ഇത്തവണ ബേക്കല്‍ കടലോരം ഫെസ്റ്റിനെ വരവേല്‍ക്കുന്നത്. ഒരാള്‍ക്ക് അഞ്ച് മിനുറ്റ് നേരം സമുദ്രോപരിതലത്തില്‍ പാരച്യൂടില്‍ പറന്നുനടക്കാനുള്ള സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ സംഘാടനത്തിനും നിയന്ത്രണത്തിനും ഗോവയില്‍ നിന്നുള്ള വിദഗ്ധ സംഘം 21ന് രാവിലെ കടല്‍വഴി ബേക്കലിലെത്തും. വാടര്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമായി ജെറ്റ്‌സ്‌കൈ (കടലിലൂടെയുള്ള സ്‌കൂടർ യാത്ര), സ്പീഡ് ബോട്, ബീച് ബൈക്, ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമുള്ള സവാരികള്‍, 24 സീറ്റുകളുള്ള കൂറ്റന്‍ പുതുപുത്തന്‍ ജെയിന്റ് വീല്‍, കുട്ടികള്‍ക്കായുള്ള കാര്‍ റൈസിംഗ് (കംപ്യൂടർ ഗെയിം), ബീചിലാകെ ചുറ്റിക്കറങ്ങാന്‍ കളിവണ്ടികളും (ടോയ് ട്രെയിന്‍) എന്നിവയുമുണ്ടാകും.

കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ക്കായി നീക്കിവെച്ച റെഡ്മൂണ്‍ പാര്‍കിലെ രണ്ടാം സ്റ്റേജില്‍ എല്ലാ ദിവസവും കുടുംബശ്രീ പരിപാടികള്‍ക്ക് ശേഷം ഡി ജെ പാര്‍ടികളും, മ്യൂസിക് നൈറ്റും മറ്റു കലാപ്രകടനങ്ങളും അരങ്ങേറും. അതിനു പുറമെ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ഉൽപന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിൽപനയും, കുടുംബശ്രീ ഫുഡ്‌കോര്‍ടും പ്രത്യേകമായി ഒരുക്കുന്നുണ്ട്. മത്സ്യഫെഡിന്റെ സ്റ്റാളുകളുമുണ്ടാകും.

ഡിസംബര്‍ 22ന് യുവാക്കളുടെ ഹരമായി മാറിയ മ്യൂസികല്‍ ബാൻഡായ തൈക്കുടം ബ്രിഡ്ജ് ആദ്യ ദിനത്തിലെ പരിപാടി അവതരിപ്പിച്ചുകൊണ്ട് പത്ത് ദിവസം നീളുന്ന കലാമേളയ്ക്ക് തിരികൊളുത്തും. 23ന് ശിവമണിയും പ്രകാശ് ഉള്ളിയേരിയും സംഗീത സംവിധായകന്‍ ശരത്തും ചേര്‍ന്നൊരുക്കുന്ന ട്രിയോ മ്യൂസികല്‍ ഫ്യൂഷനുണ്ടാകും. 24ന് കെ എസ് ചിത്രയും സംഘവും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രവസന്തത്തില്‍ പ്രശസ്ത ഗായകരായ അഫ്‌സല്‍, നിശാദ്, വയലിനിസ്റ്റ് രൂപാരേവതി എന്നിവരും അണിനിരക്കും. 25ന് ക്രിസ്മസ് ദിനത്തില്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന മെഗാ മ്യൂസികല്‍ ഇവന്റ്, 26ന് നടിയും നര്‍ത്തകിയുമായ ശോഭനയും ചെന്നൈ കലാക്ഷേത്രം വിദ്യാർഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തനിശയും അരങ്ങേറും.

27ന് പാടിപ്പതിഞ്ഞ ഗാനങ്ങളുമായി പത്മകുമാറും ദേവും സംഘവും ചേര്‍ന്നൊരുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസികല്‍ മെലഡി, 28ന് അതുല്‍ നറുകരയുടെയും സംഘത്തിന്റെയും സോള്‍ ഓഫ് ഫോക് ബാൻഡും അരങ്ങേറും, ഇതേ ദിവസം വൈകിട്ട് 5.30ന് ദര്‍ശന ടി വിയുടെ പുത്തന്‍ കുട്ടിക്കുപ്പായം മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും മുഖ്യ വേദിയില്‍ നടക്കും. ഈ ഫിനാലെയില്‍ പ്രശസ്ത സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും ഗായിക രഹ്‌നയും മാപ്പിളകലാ ചരിത്രഗവേഷകന്‍ ഫൈസല്‍ എളേറ്റിലും സന്നിഹിതരാകും. 29ന് കണ്ണൂര്‍ ശരീഫും സംഘവും ചേര്‍ന്ന് നയിക്കുന്ന മാപ്പിളപ്പാട്ട് നിശയ്‌ക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയും ഉണ്ടാകും. 30ന് ഗൗരീ ലക്ഷ്മിയുടെ മ്യൂസികല്‍ ബാൻഡും, ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ഡിസംബര്‍ 31ന് റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയര്‍ നൈറ്റും നടക്കും.

ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷനും (BRDC), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ടൂറിസം വകുപ്പും, കുടുംബശ്രീ മിഷനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ കമിറ്റിയും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന ബേക്കല്‍ ഫെസ്റ്റിവല്‍ വിജയകരമായി നടത്തുന്നതിന് അതിവിപുലമായ സംഘാടകസമിതി പ്രവര്‍ത്തിച്ചുവരികയാണ്. ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പു ചെയര്‍മാനും, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ജെനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് ഫെസ്റ്റിന് ചുക്കാന്‍ പിടിക്കുന്നത്. ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 22ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിക്ക് സി എച് കുഞ്ഞമ്പു എംഎല്‍എയുടെ അധ്യക്ഷതയില്‍ കേരള നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ നിര്‍വഹിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എകെഎം അശ്റഫ്, ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ സാന്നിധ്യവുമുണ്ടാകും. ഉദ്ഘാടനത്തിന് മുമ്പ് പിലാത്തറ ലാസ്യ കലാക്ഷേത്രത്തിലെ കലാകാരികളും വിദ്യാർഥികളും ചേര്‍ന്നവതരിപ്പിക്കുന്ന സൂര്യപുത്രന്‍ എന്ന സംഗീത നൃത്ത ശില്പം അരങ്ങേറും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ചീഫ്‌ കോഡിനേറ്റർ പി ഷിജിൻ, കുടുംബശ്രീ ജില്ലാ ചെയർമാൻ ടി ടി സുരേന്ദ്രൻ, മധു മുതിയക്കാൽ, എം എ ലത്വീഫ് എന്നിവർ സംബന്ധിച്ചു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Beach Fest, Bekal, Malayalam News, CH Kunhambu MLA, Bekal Beach Fest will start on 22nd

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia