Night Life | സജീവമാകണം കാസർകോട്ടെ 'രാത്രി ജീവിതം'! ഭക്ഷണ ശാലകളിൽ രാത്രി കച്ചവടം തകൃതി, ആളുകളുടെ വലിയ തിരക്കും; 8 മണിക്ക് കടകൾ അടച്ചുപൂട്ടി കച്ചവടമില്ലെന്ന് പരിതപിക്കുന്നതിന് പകരം വ്യാപാരികൾ മാറിച്ചിന്തിക്കണമെന്ന് അഭിപ്രായം; തൊട്ടടുത്ത മംഗ്ളൂറിൽ കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധേയം
Feb 25, 2024, 16:16 IST
കാസർകോട്: (KasargodVartha) മറ്റ് നഗരങ്ങളെ പോലെ രാത്രി ജീവിതത്തിന്റെ മായക്കാഴ്‌ചകളിലേക്ക് കാസർകോടും കൺതുറക്കണമെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്ന് ഉയരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ നിരവധി പേർ പങ്കുവെക്കുന്നുണ്ട്. ജില്ലയിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ അടക്കമുള്ള ഭക്ഷണ ശാലകളിൽ രാത്രിയിലാണ് കൂടുതൽ തിരക്കെന്നും രാത്രി കറങ്ങാനും പുറത്തിറങ്ങാനും ഇഷ്ടപ്പെടുന്ന സംസ്കാരത്തിലേക്ക് യുവതലമുറ മാറിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
വേഗം ഉറങ്ങുന്ന നഗരങ്ങൾ
രാത്രി എട്ട് മണി കഴിഞ്ഞാൽ ഉറക്കത്തിലേക്ക് നീങ്ങുകയാണ് കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളൊക്കെ. ഏഴ് മണിയാകുന്നതോട് കൂടി വസ്ത്ര, പാദരക്ഷ, മൊത്തവ്യാപാര, പലചരക്ക് കടകളൊക്കെ അടച്ച് തുടങ്ങും. എട്ട് മണിയാകുന്നതോടെ ബസുകളും സർവീസ് നിർത്തുകയാണ്. നഗരത്തിലെ പ്രധാന റോഡുകളും ബസ് സ്റ്റാൻഡുമൊക്കെ കടകളടച്ചാല്‍ ഇരുട്ടിലാവുന്ന സ്ഥിതിയാണുള്ളത്. അതേസമയം തന്നെ സ്വന്തം വാഹനങ്ങളിൽ ഫാസ്റ്റ് ഫുഡ് കടകളിൽ രാത്രിയിൽ നിരവധി പേരെത്തുന്നുമുണ്ട്.
ഈ മാതൃകയിൽ വ്യാപാരി - വ്യവസായികൾക്കും പുലർച്ചെ വരെ കടകൾ തുറന്ന് പ്രവർത്തിച്ച് പരീക്ഷണം നടത്തിക്കൂടെ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ജോലിയും സ്‌കൂൾ - കോളജും മറ്റുമുള്ള തിരക്കുകൾ കഴിഞ്ഞ് എല്ലവർക്കും സൗകര്യപ്രദമാണ് രാത്രിയിലെ ഷോപിങ് എന്നാണ് ചൂണ്ടിക്കാട്ടുന്നത്. 'രാത്രി 12 മണി വരെ കാസർകോട്, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുക. പരീക്ഷണാർഥം ഒരു മാസം മതി. നല്ല ഫലം ആണെങ്കിൽ കാസർകോട് മാറും. കാസർകോടിന്റെ മുഖഛായ തന്നെ എല്ലാ രീതിയിലും മാറും', ജാസിം (Jazu CaZrod) എന്ന യുവാവ് പറയുന്നു.
മംഗ്ളൂറിൽ കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധേയം
ഇക്കഴിഞ്ഞ കർണാടക ബജറ്റിലെ ഏറ്റവും പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു സംസ്ഥാനത്തെ 10 നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകുമെന്നുള്ള വാഗ്ദാനം. പിന്നാലെ ഉടൻ പ്രാബല്യത്തിൽ, മംഗ്ളുറു അടക്കം 10 മുനിസിപൽ കോർപറേഷനുകളിലും വാണിജ്യ, ബിസിനസ് പ്രവർത്തനങ്ങൾക്കായി പ്രവൃത്തി സമയം നീട്ടി ഉത്തരവിറങ്ങി. ഇതോടെ മംഗ്ളുറു അടക്കമുള്ള നഗരങ്ങളിൽ രാത്രിജീവിതം കൂടുതൽ സജീവമാകാൻ തുടങ്ങി.
സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ബിസിനസുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടുള്ള ഈ നീക്കത്തെ വ്യാപാരികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയിലെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കാസർകോട്ട് നിന്നടക്കം ഏറെ മലയാളികൾ ഈ നഗരങ്ങളിൽ വ്യാപാരങ്ങൾ നടത്തിവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
കാസർകോടിനും വേണം മാറ്റം
മംഗ്ളുറു മാതൃകയിൽ കാസർകോട്ടും രാത്രി ജീവിതം സജീവമാക്കാൻ കഴിയുമെന്നാണ് പൊതുജനങ്ങൾ വിശ്വസിക്കുന്നത്. 1990 കൾക്ക് ശേഷം ഉണ്ടായ സംഭവ വികാസങ്ങളും കൊലപാതകങ്ങളുമാണ് നേരത്തെ ഉറങ്ങുന്ന നഗരമെന്ന ചീത്ത പേരിലേക്ക് കാസർകോടിനെ നയിച്ചത്. ഇപ്പോൾ രാത്രികാലങ്ങളില്‍ നിര്‍ഭയമായി സഞ്ചരിക്കാനുള്ള സാഹചര്യമുണ്ട്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ വളരുന്ന നഗരങ്ങളിലൊന്നായി കാസർകോടിനെ മാറ്റാനാവും. ഒപ്പം രാത്രിയിൽ കെ എസ് ആർ ടി സി അടക്കമുള്ള ബസുകളും കൂടുതൽ സർവീസ് നടത്തുന്ന അന്തരീക്ഷം ഉണ്ടാവേണ്ടതുണ്ട്.
2022ൽ ഫുട്‌ബോള്‍ ലോകകപ് സമയത്ത് രാത്രി സമയത്ത് കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍, ഒരുപറ്റം യുവാക്കളുടെയും മാര്‍ചന്റ്‌സ് അസോസിയേഷന്റെയും വ്യാപാര സ്ഥാപനങ്ങളുടെയും കാസര്‍കോട് നഗരസഭയുടെയും സഹായത്താല്‍ ഒരുക്കിയ ബിഗ് സ്‌ക്രീനിൽ കൂടിയുള്ള മത്സരങ്ങളുടെ പ്രദർശനം വലിയ വിജയമായിരുന്നു. വൻ ആൾകൂട്ടമാണ് ഒരു മാസത്തിലേറെ ഒഴുകിയെത്തിയത്. ഉറങ്ങിക്കിടക്കുന്ന കാസര്‍കോടിന് വലിയ ഉണര്‍വാണ് ഇത് നല്‍കിയത്. വ്യപാരികളുടെ നേതൃത്വത്തിൽ തന്നെ നടന്ന ഈ പരിപാടി ഗംഭീര വിജയമായെങ്കിൽ പുലർച്ചെ വരെ വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ഈ മേഖലയിലെ സംഘടനകളും കൂട്ടായ്‌മകളും മുന്നിട്ടിറങ്ങണമെന്നാണ് കാസർകോട്ടുകാർ പറയുന്നത്.