Dispute | ആയുഷ്മാൻ ഭാരത്: കേന്ദ്രസർക്കാർ നിലപാടിനോട് സംസ്ഥാന സർക്കാരിന് യോജിക്കാൻ കഴിയുന്നില്ല; പദ്ധതി അനിശ്ചിതത്വത്തിൽ
● കേന്ദ്ര വിഹിതം കുറവായതിനാൽ പദ്ധതി നടപ്പാക്കുന്നതിൽ തടസ്സം
● 70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സയാണ് പദ്ധതിയുടെ ലക്ഷ്യം
● 26.84 ലക്ഷം പേർക്കാണ് കേരളത്തിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ടത്
കാസർകോട്: (KasargodVartha) 70 കഴിഞ്ഞവർക്ക് വരുമാന പരിധിയില്ലാതെ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയൊരുക്കുന്ന 'ആയുഷ്മാൻ ഭാരത്' പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. കേന്ദ്രസർക്കാർ വ്യക്തമായ മാർഗരേഖ പുറത്തിറക്കാതെ ഈ പദ്ധതി നടപ്പിലാക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
പദ്ധതി പ്രഖ്യാപിച്ചത് കേന്ദ്രസർക്കാറാണ്. എന്നാൽ പദ്ധതിക്ക് കേന്ദ്രം നൽകുന്നതാകട്ടെ നാമ മാത്രമായ തുക മാത്രമാണെന്നാണ് ആക്ഷേപം. ഇത് എങ്ങനെയാണ് അനുവദിച്ചു കൊടുക്കാനാവുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ചോദ്യം. അതുകൊണ്ടുതന്നെ പദ്ധതിയുടെ വ്യക്തത തേടി മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും കേന്ദ്രത്തിന് കത്ത് അയക്കുകയും ചെയ്തതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.
കേരളം നേരത്തെ നടപ്പിലാക്കിയ 'കാരുണ്യ' പദ്ധതിയോട് കേന്ദ്രം സഹകരിച്ചില്ലെന്ന ആക്ഷേപവും സംസ്ഥാന സർക്കാരിനുണ്ട്. ഈ പദ്ധതിക്ക് 1500 കോടി രൂപ സംസ്ഥാനം ചിലവഴിച്ചപ്പോൾ 150 കോടി മാത്രമാണ് കേന്ദ്ര വിഹിതം. കേരളത്തിൽ 70 കഴിഞ്ഞവർ 26.84 ലക്ഷം പേരുണ്ട്. ഇവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 500 കോടി രൂപ വേണ്ടിവരും. അതുകൊണ്ടുതന്നെ പദ്ധതി നടപ്പിലാക്കാൻ 60 ശതമാനം തുക കേന്ദ്രം തരണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാരിനുള്ളത്.
അതേസമയം സൗജന്യ ചികിത്സാ പദ്ധതിയെപ്പറ്റി ആശുപത്രികൾ തന്നെ അറിയുന്നത് വൈകിയാണ്. സർക്കാർ-സ്വകാര്യ മേഖലകളിലായി 588 ആശുപത്രികളെയാണ് 70 കഴിഞ്ഞവരുടെ സൗജന്യ ചികിത്സാ പദ്ധതിയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കാരുണ്യ പദ്ധതിയിലെ ആശുപത്രികളെ ഇതിലേക്ക് മാറ്റുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇത് സംസ്ഥാന സർക്കാരിനെയോ, ആശുപത്രികളെയൊ ഔദ്യോഗികമായി കേന്ദ്ര സർക്കാറോ, ആരോഗ്യമന്ത്രാലയമോ അറിയിച്ചിരുന്നുമില്ലെന്നാണ് പറയുന്നത്.
കാരുണ്യയിൽ തന്നെ സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപ കുടിശികയായി നിലനിൽക്കുന്നുമുണ്ട്. ഇതിന്റെ ഇടയിൽ ആയുഷ്മാൻ ഭാരത് കൂടിയായാൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സർക്കാരിന് വലിയ തലവേദനയായി മാറും.
ആയുഷ്മാൻ ഭാരത് പദ്ധതി ഒക്ടോബർ അവസാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പല ആശുപത്രികളും വിവരം ലഭിക്കാത്തതിനാൽ ചികിത്സയ്ക്ക് വരുന്നവരെ മടക്കി അയക്കേണ്ട അവസ്ഥയുണ്ടായി. ഇതിൽ വ്യക്തത വരുത്തിയിരുന്നില്ല. പദ്ധതി നടപ്പിൽ വരണമെങ്കിൽ കേരളം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
#AyushmanBharat #KeralaHealth #HealthcareDispute #SeniorCitizenCare #KarunyaScheme #HealthFunding